breaking news

സഞ്ചാരികളെ ഇതിലേ…നീണ്ട മാസങ്ങള്‍ക്കൊടുവില്‍ സഞ്ചാരികളെ സ്വാഗതം ചെയ്തു ബാണാസുര സാഗര്‍

വെള്ളമുണ്ട: കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് അടച്ച ബാണാസുര സാഗര്‍ വീണ്ടും തുറന്നതോടെ സഞ്ചാരികള്‍ എത്തിത്തുടങ്ങി. ടൂറിസം മേഖലയും ഉണര്‍ന്നു.

ഏഴുമാസത്തെ ഇടവേളക്കുശേഷം വ്യാഴാഴ്ചയാണ് സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത്. ആദ്യ ദിവസം 187 വിനോദ സഞ്ചാരികള്‍ എത്തിയതായി ഹൈഡല്‍ ടൂറിസം വകുപ്പ് അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ചയും ഇരുന്നൂറിനടുത്ത് സഞ്ചാരികള്‍ അണക്കെട്ട് കാണാനെത്തി.

സഞ്ചാരികളില്‍ ഏറെയും സമീപ ജില്ലകളില്‍ നിന്നുള്ളവരാണ്. വരുംദിവസങ്ങളില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

ഡി.ടി.പി.സിക്കു കീഴിലുള്ള വിനോദ കേന്ദ്രങ്ങള്‍ തുറക്കാന്‍ വൈകുന്നതും ബാണാസുരയിലേക്ക് കൂടുതല്‍ സഞ്ചാരികളെത്തുന്നതിന് കാരണമാകും. നിലവില്‍ ബോട്ട് സര്‍വിസും ഡാം സന്ദര്‍ശനവും മാത്രമാണ് അനുവദിക്കുന്നത്. സ്വിപലൈന്‍, ഹൊറര്‍ തിയറ്റര്‍ എന്നിവ വരുംദിവസങ്ങളില്‍ പ്രവര്‍ത്തനസജ്ജമാകും.

പൂര്‍ണമായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. സഞ്ചാരികള്‍ എത്തിയതോടെ സമീപത്തെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും കച്ചവട സ്ഥാപനങ്ങളിലും നേരിയ തിരക്കനുഭവപ്പെടുന്നുണ്ട്. ബോട്ടിങ് സര്‍വിസിനോടാണ് ആളുകള്‍ക്ക് പ്രിയം. 16 ബോട്ട് സര്‍വിസ് ഒരുക്കിയിട്ടുണ്ട്. മറ്റ് കേന്ദ്രങ്ങളും പതിയെ ഉണരുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.