breaking news

20 ശതമാനം ആളുകളില്‍ കോവിഡ് വൈറസിനെതിരായ ആന്റിബോഡികള്‍ രൂപപ്പെട്ടതായി സീറോ സര്‍വേ

അമരാവതി: ആന്ധ്രാപ്രദേശില്‍ 20 ശതമാനം ആളുകളില്‍ കോവിഡിനെതിരായ ആന്റിബോഡികള്‍ രൂപപ്പെട്ടതായി സീറോ സര്‍വേ പഠനം. 13 ജില്ലകളില്‍ രണ്ട് ഘട്ടമായി 5,000 പേരില്‍ നടത്തിയ പഠനത്തിലാണ് 19.7 ശതമാനം ആളുകളില്‍ കോവിഡിനെതിരായ ആന്റിബോഡികള്‍ രൂപപ്പെട്ടതായി കണ്ടെത്തിയത്.

നഗരങ്ങളില്‍ ജനസംഖ്യയുടെ 22.5 ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ ജനസംഖ്യയുടെ 18.2 ശതമാനവും രോഗത്തിനെതിരായ പ്രതിരോധശേഷി നേടിയിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ കമ്മീഷണര്‍ കട്ടമണി ഭാസ്‌കര്‍ പറഞ്ഞു.

40 വയസിന് മുകളിലുള്ളവരിലും മറ്റ് അസുഖങ്ങളുള്ളവരിലും 20.3% പേര്‍ പ്രതിരോധശേഷി നേടിയിട്ടുണ്ട്. സംസ്ഥാനത്ത് സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളില്‍ 90 മുതല്‍ 100 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു.