breaking news

എം.സി ഖമറുദ്ദീനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് എ.എസ്.പി

മഞ്ചേശ്വരം എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ എം.സി കമറുദ്ദിന്റെ അറസ്റ്റ് ഉടനെ ഉണ്ടായേക്കുമെന്ന് എ.എസ്.പി വിവേക് കുമാര്‍. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലാണ് അറസ്റ്റ് ചെയ്യാനൊരുങ്ങുന്നത്. ക്രൈംബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. എം.എല്‍.എക്കെതിരായ തെളിവുകള്‍ ലഭിച്ചതായി എ.എസ്.പി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കാസര്‍ഗോഡ് എസ്പി ഓഫീസില്‍ 10 മണിയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. ജ്വല്ലറി ജനറല്‍ മാനേജര്‍ പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെ കമ്പനിയിലെ 16 ഡയറക്ടര്‍മാരെയും ജീവനക്കാരെയും നേരത്തെ ചോദ്യം ചെയ്തിരുന്നു. കൂടാതെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ മുസ്ലീം ലീഗ് മധ്യസ്ഥതക്ക് ഏല്‍പിച്ച കല്ലട്ര മാഹിന്‍ ഉള്‍പ്പെടെ 60 പേരെയും ഇതുവരെ ചോദ്യം ചെയ്തു.

ഇവരുടെ മൊവിയുടെ അടിസ്ഥാനത്തിലും ബാങ്ക് പരിശോധനകളില്‍ നിന്നുമായി സുപ്രധാന രേഖകള്‍ കണ്ടെത്തിയെന്നും നിര്‍ണായക നടപടി ഉടന്‍ പ്രതീക്ഷിക്കാമെന്നും അന്വേഷണ സംഘം സൂചന നല്‍കിയിരുന്നു.