breaking news

യുഡിഎഫുമായി സഹകരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് പിസി ജോര്‍ജ്

കുത്തിമറിഞ്ഞ കേരള രാഷ്ട്രീയത്തില്‍ വീണ്ടും മറ്റൊരു പ്രഖ്യാപനം കൂടി. യുഡിഎഫുമായി ചേര്‍ന്ന് സഹകരിക്കാനാണ് താല്‍പര്യമെന്ന് വെളിപ്പെടുത്തി പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ്. കഴിഞ്ഞ തവണ ജനപക്ഷം സംസ്ഥാന കമ്മിറ്റി ചേര്‍ന്നപ്പോള്‍ ഭൂരിപക്ഷം പേരും യുഡിഎഫുമായി സഹകരിച്ച് പോകണമെന്നാണ് അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തില്‍ യുഡിഎഫിന്റെ കൂടി അഭിപ്രായം കണക്കിലെടുത്ത ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. അടുത്ത ആഴ്ച ജനപക്ഷം കമ്മിറ്റി വിളിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച വിഷയം അന്ന് ചര്‍ച്ച ചെയ്യുമെന്നും അതിന് ശേഷം തീരുമാനം ഔദ്യോഗികമായി അറിയിക്കുമെന്നും പി സി ജോര്‍ജ് അറിയിച്ചു.

അതേസമയം പി സി തോമസിന്റെ യുഡിഎഫ് പ്രവേശനത്തെ പി സി ജോര്‍ജ് പിന്തുണച്ചു. പി സി തോമസിന് ബിജെപിയുമായി സഹകരിച്ച് മുന്നോട്ടു പോകുക പ്രയാസമാണ്. കാരണം സംസ്ഥാനത്ത് ബിജെപിയുടെ അവസ്ഥ എങ്ങനെയാണെന്ന് ജനങ്ങള്‍ക്ക് അറിയാം. എല്‍ഡിഎഫുമായി സഹകരിച്ച് പോകുക എന്നതും പി സി തോമസിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്. പി സി തോമസിന് എന്തുകൊണ്ടും യുഡിഎഫ് തന്നെയാണ് തല്ലതെന്നും പി സി ജോര്‍ജ് അഭിപ്രായപ്പെട്ടു.