breaking news

15ല്‍ ഒരാള്‍ക്ക് കോവിഡ് വന്നുപോയി; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

രാജ്യത്ത് കോവിഡ് വ്യാപനം ഇനിയും വര്‍ധിക്കുമെന്ന സൂചന നല്‍കി രണ്ടാം സെറോ സര്‍വേ ഫലം ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പുറത്തുവിട്ടു. വലിയൊരു വിഭാഗത്തിന് ഇനിയും കോവിഡ് പിടിപെടാന്‍ സാധ്യതയുണ്ടെന്ന് സര്‍വേ ഫലം വിശദീകരിച്ച് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഓഗസ്റ്റോടെ രാജ്യത്തെ 15ല്‍ ഒരാള്‍ക്ക് വൈറസ് പിടിപെട്ടുവെന്നാണ് പ്രധാന കണ്ടെത്തല്‍. 10 വയസിന് മുകളിലുള്ളവരില്‍ നിന്നാണ് ഇക്കുറി രക്തസാമ്പിള്‍ ശേഖരിച്ച് ആന്റി ബോഡി പരിശോധിച്ചത്.

ആകെ പരിശോധിച്ചത് 29,082 പേരെ. ഇതില്‍ 6.6% പേരിലും ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. മേയ്, ജൂണ്‍ മാസങ്ങളില്‍ നടന്ന ഒന്നാം ഘട്ട സര്‍വേയില്‍ 0.73% പേര്‍ക്കു കോവിഡ് വന്നു പോയിരിക്കാമെന്നായിരുന്നു കണ്ടെത്തല്‍. അന്ന് 18 വയസ്സിനു മുകളിലുള്ളവരെയാണു പരിശോധിച്ചത്. ഗ്രാമീണ മേഖലയെയും (4.4%) നഗര കേന്ദ്രങ്ങളെയും (8.2%) അപേക്ഷിച്ചു നഗരങ്ങളിലെ ചേരിപ്രദേശങ്ങളിലാണ് (15.6%) വൈറസ് പടരാന്‍ ഏറ്റവും സാധ്യതയെന്നും സര്‍വേ വ്യക്തമാക്കുന്നു. ഒന്നാം ഘട്ട സര്‍വേ നടന്ന 70 ജില്ലകളിലെ തന്നെ, 700 നഗരങ്ങളിലും ഗ്രാമങ്ങളിലുമായിരുന്നു പുതിയ സര്‍വേ. ഓഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ 22 വരെയായിരുന്നു സാംപിള്‍ ശേഖരണം.

ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവാകുന്നവര്‍ ആ റിപ്പോര്‍ട്ടിന്റെ ബലത്തില്‍ കോവിഡ് മാനദണ്ഡങ്ങളില്‍ നിന്നു പുറത്തുകടക്കുന്നതിനെതിരെ മുന്നറിയിപ്പു നല്‍കി ആരോഗ്യമന്ത്രാലയം. ആന്റിജന്‍ പരിശോധന നെഗറ്റീവായവര്‍ക്കു രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിശ്ചയമായും ആര്‍ടി പിസിആര്‍ പരിശോധനയ്ക്കു വിധേയമാകണമെന്നു മന്ത്രാലയം നിര്‍ദേശിച്ചു.ലോകത്ത് ഏറ്റവുമധികം പേര്‍ കോവിഡ് മുക്തരായത് ഇന്ത്യയിലെന്ന് ആരോഗ്യ മന്ത്രാലയം. 51 ലക്ഷം പേരാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡില്‍ മുക്തരായതെന്നും ലോകത്ത് ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. ഉത്സവകാലം, ശൈത്യം എന്നിവ വ്യാപന സാധ്യത കൂട്ടും. നിയന്ത്രണത്തിനു നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും ഐസിഎംആര്‍ നിര്‍ദേശിച്ചു.