breaking news

14 മണിക്കൂര്‍ ആശുപത്രികളില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചു; മലപ്പുറത്ത് ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയുടെ ഇരട്ടക്കുട്ടികള്‍ മരിച്ചു. മലപ്പുറം കിഴിശേരി സ്വദേശിനിയായ 22കാരിയുടെ കുട്ടികളാണ് മരിച്ചത്. കോഴിക്കേട് മെഡിക്കല്‍ കോളജില്‍ ആയിരുന്നു മരണം. യുവതിക്ക് മുമ്പ് കോവിഡ് പോസിറ്റീവായിരുന്നുവെങ്കിലും രോഗം ഭേദപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം പ്രസവ വേദന വന്നപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോയെങ്കിലും കോവിഡ് ആശുപത്രിയായതിനാല്‍ തിരിച്ചയക്കുകയായിരുന്നു. ഇതേ ആശുപത്രിയില്‍ തന്നെയായിരുന്നു യുവതി കോവിഡ് പോസിറ്റിവായി ചികിത്സയില്‍ കഴിഞ്ഞിരുന്നത്. തുടര്‍ന്ന് കോട്ടപ്പറമ്ബ് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്ന് സമയം കഴിഞ്ഞെന്നു പറഞ്ഞ് മടക്കിയയച്ചു. ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സക്കായി ചെന്നെങ്കിലും തടഞ്ഞു.

മുമ്പ് കോവിഡ് വന്നതിനാലായിരുന്നു ആശുപത്രി ചികിത്സ നിഷേധിച്ചത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവേശനം നല്‍കില്ലെന്ന് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴേക്കും പതിനാല് മണിക്കൂര്‍ കഴിഞ്ഞു. സമയം വൈകിയതോടെ ഇവിടെ വച്ച് മരിക്കുകയായിരുന്നു.