ബംഗളുരു: കോവിഡ് മറയാക്കി ഇതര സംസ്ഥാനങ്ങളിൽ വൻ തൊഴിൽ ചൂഷണം നടക്കുന്നതായി റിപോർട്ടുകൾ പുറത്ത് .
കർണ്ണാടക,തമിഴ് നാട് എന്നിവിടങ്ങളിലാണ് മലയാളി ഉദ്യോഗാർത്ഥികൾ തൊഴിൽ ചൂഷണത്തിന് ഇരയാകുന്നത്.
ക്യാമ്പസ് പ്ലേസ്മെന്റ്,റിക്രൂട്ടിംഗ് ഏജൻസികൾ,പത്ര പരസ്യങ്ങൾ എന്നിവ നൽകിയാണ് ഉദ്യോഗാർത്ഥികളെ ആകർഷിക്കുന്നത്.
ബംഗളുരുവിലെ ഐ ടി കമ്പനികളും മറ്റ് മെക്കാനിക്കൽ, ഇലക്ട്രിക്കൽ,ഓട്ടോമൊബൈൽ കമ്പനികളും കോവിഡ് കാലം മറയാക്കി ഉദ്യോഗാർത്ഥികളെ ആകർഷിക്കുന്നുണ്ട്.പരസ്യം മുതൽ കൂടിക്കാഴ്ചവരെയുള്ള ഘട്ടങ്ങളിലും നിയമനത്തിന്റെ ആദ്യ ഘട്ടങ്ങളിലും മികച്ചതെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് പെരുമാറ്റം.
മൾട്ടി നാഷണൽ കമ്പനികളെ വെല്ലുന്ന സൗകര്യങ്ങളും, സൗജന്യ ഹോസ്റ്റൽ,യാത്രാ സൗകര്യങ്ങളുമൊക്കെ വാഗ്ദാനം ചെയ്യപ്പെടുമെങ്കിലും ആദ്യ ശമ്പളം കിട്ടുന്നതോടെ നിലപാട് മാറ്റുന്ന തന്ത്രമാണ് പല കമ്പനികളും മലയാളി ഉദ്യോഗാര്ഥികളോട് പയറ്റുന്നത്.
ഇതിനിടയിൽ രണ്ടോ മൂന്നോ വർഷത്തേക്കുള്ള കരാറിൽ ഇവർ സമർത്ഥമായി ഒപ്പു വെപ്പിക്കുക കൂടി ചെയ്യുന്നതോടെ ഒരു തരത്തിലും രക്ഷപെടാൻ പറ്റാത്ത തരത്തിൽ കുരുക്കുകയാണ് ചെയ്യുന്നത്.പരിശീലന കാലയളവിൽ 20000 രൂപ ശമ്പളമൊക്കെ വാഗ്ദാനം ചെയ്യുകയും കയ്യിൽ കിട്ടുമ്പോൾ അത് 8000 മുതൽ 7000 വരെ ആയി ചുരുങ്ങുന്നു. പലരും പരാതി പറയാൻ മടിക്കുന്നു എന്നതാണ് ഇവർക്കുള്ള ബലം.
ഇത്തരത്തിൽ വാഗ്ദാനം ചെയ്ത ശമ്പളം ലഭിക്കാതെ വന്നപ്പോൾ കർണ്ണാടക ഹുസൂരിലെ കമ്പനിയിൽ ജോലി ചെയ്യുന്ന മലയാളികളായ ജീവനക്കാരോട് പറഞ്ഞത് ഹോസ്റ്റൽ,ഭക്ഷണ,യാത്ര സൗകര്യങ്ങളുടെ ഫീസ് കുറച്ചേ ശമ്പളം ലഭിക്കു എന്നാണത്രെ.എന്നാൽ ഇവിടങ്ങളിൽ പ്രഭാത ഭക്ഷണം നൽകാറില്ല. പ്രഭാത ഭക്ഷണമില്ലാതെയാണ് 8 മണിക്കൂറോളം ജോലി ചെയ്യാൻ നിർബന്ധിതരാകുന്നത്.
പലരും വെറും ബിസ്കറ്റും കഴിച്ചാണ് ജോലിക്ക് പോകുന്നത്. സ്വന്തമായി എന്തെങ്കിലും വാങ്ങി കഴിക്കാനായി ഹോസ്റ്റലിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അത് കളവ് പോകുന്ന അവസ്ഥയാണെന്നും ഇവർ പറയുന്നു.പരാതി പറഞ്ഞിട്ടൊന്നും കാര്യമില്ല.
ബംഗളുരുവിലെയും മറ്റും വലിയ ഐ ടി കമ്പനികളിലെയും സ്ഥിതി വ്യത്യസ്തമല്ല.വർക്ക് ഫ്രം ഹോം ചൂഷണത്തിനുള്ള ഉപാധികളാക്കി മാറ്റിയ വമ്പന്മാർപോലും ഇരട്ടി സമയം വരെ ഇവരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുകയാണ്.കോവിഡ് കാലം കഴിഞ്ഞാലും വർക്ക് ഫ്രം ഹോം പദ്ധതി തുടരാൻ പല കമ്പനികളും തീരുമാനമെടുത്തതായാണ് ലഭ്യമാകുന്ന സൂചനകൾ.
photo | forbes.com