breaking news

Editorial

ജീവിതത്തെ കഥാപാത്രങ്ങളിൽ ആവാഹിച്ച മഹാ നടൻ..അഭിനയകലയുടെ തമ്പുരാൻ

E D I T O R I A L |

നെടുമുടി വേണു അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു.. കഥാപാത്രങ്ങളിലൂടെ.

അരങ്ങിലയും അണിയറയിലും നിറഞ്ഞാടുമ്പോൾ നെടുമുടി വേണു എന്ന നടൻ അഭിനയിക്കുകയാണോ അതോ ജീവിക്കുകയാണോ എന്ന് സംശയം തോന്നിപ്പോകുന്ന ഭാവ പകർച്ച.

അഭിനയ ജീവിതത്തിലെ അഞ്ച് ദശകങ്ങളിൽ നിറഞ്ഞാടിയത് അഞ്ഞൂറിലധികൾ വേഷങ്ങൾ. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായ നെടുമുടി വേണു ഓർമ്മയായി.

ഒരേ സമയം നായകനായും വില്ലനായും സഹ നടനായും അപ്പൂപ്പനായും അമ്മാവനായും നിറഞ്ഞാടിയ നെടുമുടി വേണു എന്ന അപൂർവ പ്രതിഭ അഭിനയിച്ച എല്ലാ കഥാപാത്രങ്ങളിലൂടെയും ജീവിക്കുകയായിരുന്നു.

ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ അധ്യാപകനായ പി കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയമകനായി 1948 മെയ് 22നാണ് കെ വേണുഗോപാലൻ എന്ന നെടുമുടി വേണു ജനിച്ചത്.നെടുമുടിയിലെ എൻ എസ് എസ് ഹൈസ്ക്കൂൾ ,ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

ചെറുപ്പ കാലം മുതൽ നാടകത്തോടും അഭിനയത്തോടും സാഹിത്യത്തോടും വായനയോടും അസാമാന്യ അടുപ്പം കാണിച്ച നെടുമുടി വേണു മികച്ച വായനക്കാരനും എഴുത്തുകാരനും ആയിരുന്നു.സ്കൂൾ പഠന കാലത്തു തന്നെ നാടകങ്ങൾ എഴുതി അവതരിപ്പിക്കുമായിരുന്നു.

ശബ്ദാനുകരണത്തിന് മിമിക്രി എന്നുപോലും പേര് ലഭിച്ചിട്ടില്ലാത്ത കാലത്ത് സ്കൂളിലും വീട്ടിലും ശബ്ദാനുകരണം നടത്തിയിരുന്നു.അച്ഛൻ വീട്ടിൽ നിന്നിറങ്ങിയ ഉടൻ അച്ഛന്റെ ചാര് കസേരയിൽ കയറിയിരുന്ന് അച്ഛനെ അനുകരിക്കുന്ന ഒരു കാലം ഒരിക്കൽ ഒരു അഭിമുഖത്തിൽ നെടുമുടി വേണു പറഞ്ഞിട്ടുണ്ട്. അമ്മയെയും മക്കളിൽ ഇളയവനായിട്ടും ഏട്ടന്മാരെയടക്കം അച്ഛന്റെ ശബ്ദത്തിൽ പേര് വിളിച്ച് അനുകരിച്ചിരുന്ന ഒരു കാലം.

ആലപ്പുഴ എസ് ഡി കോളേജിൽ നിന്ന് ബിരുദമെടുത്ത ശേഷം കലാകൗമുദിയിൽ പത്രപ്രവർത്തകനായി.അധ്യാപകനായും ജോലിനോക്കി.കലയെ എന്നും സ്നേഹിച്ച നെടുമുടി വേണു അമേച്ചർ, പ്രൊഫഷണൽ നാടകങ്ങളിലെ സ്ഥിര സാന്നിധ്യമായി.ഒരു സുന്ദരിയുടെ കഥ എന്ന സിനിമയിൽ ആദ്യമായി മുഖം കാണിച്ചു.

തിരുവന്തപുരത്തേക്ക് താമസം മാറ്റുകയും കൂടുതൽ ചലച്ചിത്ര പ്രവർത്തകരുമായി ബന്ധം തുടങ്ങിയത് ചലച്ചിത്ര ജീവിതത്തിലെ വഴിത്തിരിവായി.അരവിന്ദൻ ,പത്മരാജൻ,ഭരതൻ തുടങ്ങിയ സംവിധായകന്മാരുമായുള്ള അടുപ്പം നെടുമുടി വേണു എന്ന നടന്റെ താരോദയമായിരുന്നു.1978 ൽ അരവിന്ദന്റെ തമ്പ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്‌തെങ്കിലും ഭരതന്റെ ആരവം എന്ന സിനിമ നെടുമുടിയിലെ നടനെ മലയാളത്തിന് സുപരിചിതനാക്കി.

പത്മരാജൻ സംവിധാനം ചെയ്ത ഒരിടത്തൊരു ഫയൽവാൻ എന്ന സിനിമയിലൂടെ നായക -സഹ നടനിൽനിന്ന് കാരണവർ വേഷങ്ങളിലേക്കുള്ള വേഷ പകർച്ചയുടെ തുടക്കമായിരുന്നു. വേഷപ്പകർച്ചയും സംഭാഷണ ശകലങ്ങളിലെ ചടുലതയിലൂടെയും ശരീര ഭാഷയിലെ തന്മയത്വത്തിലൂടെയും ആസ്വാദക ഹൃദയങ്ങളിൽ മഹാ നടൻ ചേക്കേറിയത് എളുപ്പമായിരുന്നു.ആദ്യ കാലത്ത് ടെലിവിഷൻ പാരമ്പരകളിലും അഭിനയിച്ചിരുന്നു.

നാടകക്കളരികളിലെ അനുഭവസമ്പത്ത് അനായാസമായ അഭിനയ ശൈലിയുടെ ഉടമയാക്കി മാറ്റി അദ്ദേഹത്തെ.ഗൗരവമുള്ള കഥാപാത്രങ്ങൾ മുതൽ ഹാസ്യ രസമുള്ള കഥാപാത്രങ്ങളെ വരെ അനായാസം അവതരിപ്പിക്കാൻ നെടുമുടി വേണുവിനുള്ള കഴിവ് അപാരമായിരുന്നു.തനതു നാടക പാട്ടുകളും നാടൻ ശീലുകളും കവിതയും സംഗീതവും വാദ്യ മേളങ്ങളുംകൊണ്ട് അനുഗ്രഹിക്കപ്പെട്ട അപൂർവ പ്രതിഭാശാലിയായിരുന്നു നെടുമുടി വേണു എന്ന അമൂല്യ പ്രതിഭ.

അപ്പുണ്ണി ,പാളങ്ങൾ ,ചാമരം,തകര,കള്ളൻ പവിത്രൻ,മംഗളം നേരുന്നു,കോലങ്ങൾ ,ചില്ല്,യവനിക,കേളി,വാരിക്കുഴി,പരസ്പരം, സർഗം,പഞ്ചവടിപ്പാലം,കേളി,അക്കരെ,,അടിവേരുകൾ ,സുഖമോ ദേവി,ചിലമ്പ്,അരപ്പട്ട ഗ്രാമത്തിൽ,ഒരിടത്ത്,ആരണ്യകം,പെരുംതച്ചൻ , ധ്വനി,ചിത്രം,വന്ദനം,തേന്മാവിൻകൊമ്പത്ത് ,ആരണ്യകം,ഭരതം, താളവട്ടം,ഹിസ് ഹൈനസ് അബ്ദുള്ള ,ഡോക്ടർ പശുപതി,അങ്കിൾ ബൺ ,സൂര്യഗായത്രി,വിയറ്റ്നാം കോളനി,സവിധം,മായാമയൂരം, ദേവാസുരം.നന്ദിനി ഓപ്പോൾ,ശ്രീരാഗം,സ്പടികം,ദേവരാഗം, ഗുരു,ചുരം,കില്ലാഡി,ഹരികൃഷ്ണൻസ്,മേഘം,ഇഷ്ടം,കാക്കകുയിൽ,തിളക്കം തുടങ്ങിയ അഭിനയിച്ച എല്ലാ സിനിമകളിലും നിറഞ്ഞാടി.. ജനഹൃദയങ്ങളിൽ കുടിയേറിയ കഥാപാത്രങ്ങളായിരുന്നു നെടുമുടി വേണു എന്ന അമൂല്യ പ്രതിഭയുടേത്.മഹാ നടന് ആദരാജ്ഞലികൾ..

“കായൽക്കരയിൽ തനിച്ചു വന്നത് കാണാൻ..നിന്നെ കാണാൻ” ഏകാന്തതയെ വാചാലനാക്കിയ പാട്ടുകാരൻ

സി കെ ശ്രീജിത്ത്

ഏകാന്തതതയിലും തന്റേതായ ലോകം സൃഷ്ടിക്കാൻ കഴിവുള്ള ഗാനരചയിതാവായിരുന്നു പൂവച്ചൽ ഖാദർ.

ഏത് ആൾക്കൂട്ടത്തിനിടയിലും പാട്ടെഴുതാൻ കഴിയുന്ന അപൂർവ പ്രതിഭാശാലിയായിരുന്നു ഇന്നലെ അന്തരിച്ച കവിയും ഗാന രചയിതാവുമായ പൂവച്ചൽ ഖാദർ.

വരികളിലൂടെ കാഴ്ചകൾ സമ്മാനിക്കാൻ ശേഷിയുള്ള അപൂർവ സുന്ദര ഗാനങ്ങളായിരുന്നു പൂവച്ചൽ ഖാദറിന്റെ വരികൾ. ആകാശവാണിയിലൂടെ കേൾക്കുന്ന പാട്ടിലൂടെ കാഴ്ചകൾ മനസ്സിൽ കാണാനാകും അദ്ദേഹത്തിന്റെ വരികളുടെ മനോഹാരിതയിലൂടെ കഴിയുമായിരുന്നു. അത്രമേൽ കാല്പനികത നിറഞ്ഞ സുന്ദര കാവ്യ സാഹിത്യ ങ്ങളായിരുന്നു പൂവച്ചൽ ഖാദറിന്റെ തൂലികത്തുമ്പിൽ നിന്ന് പിറന്നു വീണത്.

ശരറാന്തൽ തിരി താണു,ചിത്തിരത്തോണിയിൽ അക്കരെപ്പോകാൻ, നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ,ആദ്യ സമാഗമ ലജ്ജയിൽ, ഏതോ ജന്മ കൽപ്പനയിൽ.അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ,നീയെന്റെ പ്രാർത്ഥന കേട്ടു,മൗനമേ നിറയും മൗനമേ.. തുടങ്ങിയ മലയാള സിനിമയിലെ എക്കാലത്തെയും ശ്രദ്ധേയമായ ഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ചു.

ചിത്തിരത്തോണിയിൽ അക്കരെപ്പോകാൻ എത്തിടാമോ പെണ്ണേ…ശരറാന്തൽ തിരി താണു മുകിലിൻ കുടിലിൽ മൂവന്തിപ്പെന്നുറങ്ങാൻ കിടന്നു... തുടങ്ങിയ ചലച്ചിത്ര ഗാനങ്ങൾ ആസ്വാദകന്റെ ഭാവനയിൽ വരച്ചിട്ട ചിത്രങ്ങളായിരുന്നു ഒരു കാലത്ത്.സിനിമ കാണാതെ തന്നെ ഏതൊരു സാധാരണക്കാരന്റെ മനസിലും ദൃശ്യങ്ങൾ ആവിഷ്കരിക്കാൻ ശേഷിയുള്ള അപൂർവ സാഹിത്യങ്ങളായിരുന്നു അദ്ദേഹത്തിന്റെ വരികളിൽ.

ഈണം മനസ്സിൽ പതിഞ്ഞു കഴിഞ്ഞാൽ ഏകാന്തതയിലേക്ക് ഉൾവലിയുന്നതാണ് തന്റെ രീതിയെന്നും,അതോടെ ഏത് ബഹളത്തിനിടയിലും തന്റെ ഭാവനയും താനും മാത്രമുള്ള ഒരു ലോകം സൃഷ്ടിക്കപ്പെടുമെന്നും പ്രിയപ്പെട്ട പാട്ടെഴുത്ത്കാരൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

1970-80 കാലഘട്ടത്തിലെ മലയാള സിനിമയുടെ ഏറ്റവും വശ്യമാർന്ന പ്രണയഗാനങ്ങൾ പൂത്തുലഞ്ഞ വർഷങ്ങൾ മലയാളത്തിന് സമ്മാനിച്ചത് പൂവച്ചൽ ഖാദറായിരുന്നു എന്ന് നിസംശയം പറയാം.

1979ൽ പുറത്തിറങ്ങിയ കായലും കയറും എന്ന സിനിമയിലെ "ശരറാന്തൽ തിരി താണു മുകിലിൻകുടിലിൽ മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നു " എന്ന ഗാനം ജീവിതത്തിലെ വഴിത്തിരിവായിരുന്നു എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.ചിത്തിരത്തോണിയിൽ അക്കരെപ്പോകാൻ എത്തിടാമോ പെണ്ണേ..ചിറയിൻ കീഴിലെ പെണ്ണെ എന്ന ഗാനവും യേശുദാസിലൂടെ മലയാളത്തിന്റെ മനം കവർന്നു.

ഭാവനയുടെ അപൂർവ തലങ്ങളെ വരികളാക്കുന്ന ഖാദറിന്റെ അസാമാന്യ പ്രതിഭയുടെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു അദ്ദേഹത്തിന്റെ സങ്കൽപ്പങ്ങൾ.ചിത്തിരത്തോണിയിൽ പാട്ടിൽ വരുന്ന "ചിരിയിൽ ചിലങ്ക കെട്ടിയ പെണ്ണെ" എന്ന സാഹിത്യത്തെ കുറിച്ച് ഒരിക്കൽ ചിത്രകാരൻ ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ പറഞ്ഞിട്ടുണ്ട്.ഒരുപാട് പെണ്ണിന്റെ ചിത്രങ്ങൾ വരച്ചിട്ടുണ്ടെന്നും ചിരിയിൽ ചിലങ്ക കെട്ടിയ പെണ്ണിനെ ഇതുവരെ കണ്ടിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

കാറ്റ് വിതച്ചവൻ എന്ന 1973ൽ പുറത്തിറങ്ങിയ സിനിമയിലെ "നീയെന്റെ പ്രാർത്ഥന കേട്ടു, നീയെന്റെ മാനസം കണ്ടു" എന്ന പീറ്റർ റൂബന്റെ സംഗീതത്തിലുള്ള മറിയ ഷൈല പാടിയ ക്രിസ്തീയ ഭക്തി ഗാനം കേവലമായ ഭക്തിഗാനത്തിനപ്പുറം ജനകീയമായി മാറിയ കാലമായിരുന്നു അത്.

കാല്പനികതയിൽ പൂത്തുലഞ്ഞ പ്രണയ ഗാനങ്ങളുടെ രചയിതാവായ പൂവച്ചൽ ഖാദർ ഏത് കാലഘട്ടത്തിലും അനുയോജ്യമായ പാട്ടുകൾക്കായി അപ്ഡേറ്റ് ചെയ്യപ്പെട്ട എഴുത്തുകാരനായിരുന്നു.ഏതോ ജന്മ കൽപ്പനയിൽ,സിന്ദൂര സന്ധ്യയ്ക്ക് മൗനം,രാജീവൻ വിടരും നിൻ മിഴികൾ,
മന്ദാര ചെപ്പുണ്ടോ,പൂമാനമേ,പോൺ വീണേ,കിളിയെ കിളിയെ, കായൽ കരയിൽ തനിച്ചു വന്നത് കാണാൻ നിന്നെ കാണാൻ തുടങ്ങിയ എഴുതിയ എല്ലാ പാട്ടുകളും ഹിറ്റാക്കിയ പ്രതിഭയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ പാട്ടുകൾക് ഏറ്റവും കൂടുതൽ ഈണം നൽകിയത് എ ടി ഉമ്മർ ആയിരുന്നു.എന്നാൽ ആ കൂട്ടുകെട്ടിനപ്പുറം ഹിറ്റുകൾ പിറന്നതിൽ പങ്കാളികളായി ശ്യാം,രവീന്ദ്രൻ,ജോൺസൻ എന്നിവരും. അന്നും ഇന്നും എന്നും ആകാശവാണിയിലെ പാട്ടു കൂട്ടുകളിലെ പേരുകളായിരുന്നു പൂവച്ചൽ ഖാദറിനൊപ്പം ഇവരെല്ലാം.

എഞ്ചിനീയറിംഗ് പഠിച്ച് സിനിമ പാട്ടെഴുത്തിലേക്ക് സധൈര്യം കാലെടുത്തുവച്ച ആ മഹാ പ്രതിഭാശാലിയുടെ തീരുമാനം മലയാള സാഹിത്യത്തിന് ലഭിച്ച അനുഗ്രഹമായിരിക്കണം ഒരുപക്ഷെ. അല്ലെങ്കിൽ ആ ഒരു കാലഘട്ടത്തിൽ ലഭ്യമായ എഞ്ചിനീയർ എന്ന ഗ്ലാമർ പദവി ഉപേക്ഷിച്ചില്ലായിരുന്നെങ്കിൽ അത് മലയാളത്തിന് വലിയ നഷ്ടമായേനെ.

| R E A D M O R E . . .

http://www.jginews.in/veteran-malayalam-lyricist-poovachal-khader-passes-away/

കഥയെഴുത്തിലെ ഇന്ദ്രജാലങ്ങളുടെ രാജകുമാരൻ

തൂലികയിൽനിന്ന് ഉതിർന്ന് വീണ വാക്കുകൾ കൊട്ടകകളിൽ കയ്യടികൾ സൃഷ്ടിച്ചപ്പോൾ ഡെന്നിസ് ജോസഫ് എന്ന തിരക്കഥാ കൃത്തിന്റെ താരോദയമായിരുന്നു.

വെള്ളിത്തിരയിൽ താരങ്ങളെ മെനഞ്ഞെടുത്ത തിരക്കഥകൾ ഡെന്നിസ് ജോസഫ് എന്ന തിരക്കഥാ കൃത്തിന്റെ തൂലികത്തുമ്പിൽനിന്ന് ഉതിർന്നു വീണപ്പോൾ തിരശീലയ്ക്ക് പിന്നിലെ രാജാവിന്റെ മകനായി ഇന്ദ്രജാലങ്ങൾ സൃഷ്ടിക്കുകയായിരുന്നു ഡെന്നിസ് ജോസഫ് എന്ന സിനിമാക്കാരൻ.

സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും പേരുകൾ സിനിമ പോസ്റ്ററിൽ നോക്കി ജനം സിനിമ തിയറ്ററുകളിലേക്ക് തള്ളിക്കയറിയ ഒരു കാലമുണ്ടായിരുന്നു. സിനിമ പോസ്റ്ററുകളിലെ കെ മധു -എം മണി -എസ് എൻ സ്വാമി എന്ന സ്ഥിരം സാന്നിധ്യംപോലെ പോസ്റ്ററുകളിയും സിനിമയിലെയും ഒരു കാലഘട്ടത്തിന്റെ രസതന്ത്രമായി മാറിയ കൂട്ടുകെട്ടായിരുന്നു ജോഷി-ഡെന്നിസ് ജോസെഫ് കൂട്ടുകെട്ട്.

എത്ര സിനിമകൾ പിറന്നു എന്ന് ആ കൂട്ടുകെട്ടിനെന്നല്ല കട്ട ആരാധകർക്കുപോലും കണക്കില്ലാത്ത ഒരു കാലമുണ്ടായിരുന്നു. മലയാള സിനിമയിലെ താര രാജാക്കന്മാരെ സൃഷ്‌ടിച്ച സിനിമകളുടെ വൺ ലൈൻ പിന്നീട് സൂപ്പർ ഹിറ്റുകളായി പിറന്നത് ആ കഥാകാരന്റെ മനസിലെ ഒരു തരി കഥയും പിന്നീട് പിറന്ന ഭാവനകളുമായിരുന്നു.

എഴുതിയ തിരക്കഥകളെല്ലാം സൂപ്പർ ഹിറ്റുകളായി മാറി എന്നത് ഒരുപക്ഷെ ഡെന്നിസ് ജോസെഫ് എന്ന തിരക്കഥാകൃത്തിന്റെ ഒരു കാലത്തും തകർക്കാൻ പറ്റാത്ത റെക്കോർഡ് ആയിരിക്കും. ന്യൂഡൽഹിയും നിറക്കൂട്ടും മനു അങ്കിളും നമ്പർ 20 മദ്രാസ് മെയിലും മമ്മൂട്ടി എന്ന നടനെ ഹിറ്റാക്കി മാറ്റിയപ്പോൾ രാജാവിന്റെ മകനും ഭൂമിയിലെ രാജാക്കൻമാരും ഇന്ദ്രജാലവും മോഹൻ ലാൽ എന്ന നടനെ ഹിറ്റാക്കി മാറ്റി.

സൂപ്പർ ഹിറ്റ് ട്രെൻഡി സിനിമകൾ മാത്രമല്ല തനിക്ക് വഴങ്ങുക എന്ന് ഡെന്നിസ് ജോസഫ് തെളിയിച്ച മറ്റൊരു സൂപ്പർ ഹിറ്റായിരുന്നു ആകാശദൂത്.ഒരു കാലത്ത് തിയേറ്ററുകളെ സങ്കടക്കടലാക്കി മാറ്റിയ ആകാശദൂത് എന്ന സിനിമയും പിറന്നു വീണത് അതേ തൂലികയിൽനിന്നുതന്നെ.

മലയാളത്തിന്റെ സൂപ്പർ താരങ്ങളെ സൃഷ്‌ടിച്ച പ്രിയ കഥാകാരനായ ഡെന്നിസ് ജോസഫ് എക്കാലത്തെയും സൂപ്പർ ഹിറ്റുകളുടെ തിരക്കഥാകൃത്തായിരുന്നു.

5 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.രാജാവിന്റെ മകൻ,ന്യൂഡൽഹി,ഭൂമിയിലെ രാജാക്കന്മാർ,അഥർവം,മനു അങ്കിൾ,തുടർക്കഥ,നിറക്കൂട്ട്,നായർ സാബ്,നമ്പർ 20 മദ്രാസ് മെയിൽ,അപ്പു,ആകാശദൂത്,അഗ്രജൻ തുടങ്ങിയവയാണ് ഡെന്നിസ് തിരക്കഥയെഴുതിയ സൂപ്പർ ഹിറ്റുകൾ

1985 ജേസി സംവിധാനം ചെയ്ത ഈറൻ സന്ധ്യ സിനിമയ്ക്ക് തിരക്കഥയെഴുതിയാണ് തുടക്കം.പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല ഡെന്നിസ് ജോസെഫ് എന്ന തിരക്കഥ കൃത്തിന്റെ ഇന്ദ്രജാലമായിരുന്നു മലയാള സിനിമ കണ്ടത്.ഈറൻ സന്ധ്യയും നിറക്കൂട്ടും ശ്യാമയും സൂപ്പർ ഹിറ്റുകളായതോടെ സൂപ്പർ താരങ്ങളെ സൃഷ്ടിക്കുന്ന അവിഭാജ്യ ഘടകമായി മാറി ഡെന്നിസ് ജോസെഫ് എന്ന തിരക്കഥ കൃത്ത്.

1986ൽ പുറത്തിറങ്ങിയ ഡെന്നിസ് തിരക്കഥയെഴുതിയ രാജാവിന്റെ മകൻ മോഹൻലാൽ എന്ന താരത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറിയപ്പോൾ തൊട്ടടുത്ത വർഷം 1987 ൽ പുറത്തിറങ്ങിയ ന്യൂഡൽഹി മമ്മൂട്ടി എന്ന മെഗാസ്റ്റാറിന്റെ സിനിമ ജീവിതത്തെയും മാറ്റി മറിച്ചു.

1957 ഒക്ടോബർ 20ന് കോട്ടയം ഏറ്റുമാനൂരിൽ എം എൻ ജോസഫിന്റെയും ഏലിയാമ്മയുടെയും മകനായി ജനിച്ച ഡെന്നിസ് ഏറ്റുമാനൂർ സർക്കാർ ഹൈസ്കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളേജിൽനിന്ന് ബിരുദവും നേടി.

വളരെ പെട്ടന്ന് തന്റെ തന്റെ കരിയർ സിനിമയാണെന്ന് തിരിച്ചറിഞ്ഞ ഡെന്നിസ് ജോസെഫ് ആദ്യമായി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മനു അങ്കിൾ ദേശീയ പുരസ്‌കാരം നേടിയിരുന്നു.

എനിക്കുവേണ്ടത് ആ ആൽമരം മാത്രം…

പ്രിയ കവയിത്രി അത് മാത്രമേ ആഗ്രഹിച്ചുള്ളു..ഒരാൽമരം..ജീവിത സായാഹ്നത്തിൽ കൊതിച്ചത് അതിന്റെ തണൽമാത്രം.ചുവന്ന പഴങ്ങളുണ്ടാകുന്ന ആൽമരം..ഒരുപാട് പക്ഷികൾ അവിടെ വരും..തത്തകൾ വന്ന് പഴങ്ങൾ തിന്നും…അതിന്റെ പുറത്ത് ഒന്നും എഴുതിവെക്കരുത്.അവിടെ ചിതാഭസ്മവും കൊണ്ടുവെക്കരുത്..

ആ ആൽമരം എവിടെ നടണമെന്നും സുഗതകുമാരി തന്റെ ഓസ്സ്യത്തിൽ എഴുതിവെച്ചു..തിരുവനന്തപുരത്തെ പേയാട്…മനസിന്റെ താളം തെറ്റിപ്പോയ നിരാലംബർക്കായി അവിടെ പടുത്തുയർത്തിയ 'അഭയ' യുടെ പിറകുവശത്തെ പാറക്കൂട്ടങ്ങൾക്കിടയിൽ..
സമയമായെന്ന ഒരു തോന്നൽ അടുത്തിടെ സുഗതകുമാരി മാതൃഭൂമിക്ക് നൽകിയ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.മരണത്തിന്റെ വേദന ആദ്യമായി അറിഞ്ഞുതുടങ്ങി..രണ്ടാമതും ഹാർട്ട് അറ്റാക്ക് വന്നപ്പോൾ മരണ വേദന എന്തെന്ന് ഞാനറിഞ്ഞു….ഒടുവിലത്തെ ഹൃദയാഘാതം വളരെ വേദനാജനകമായിരുന്നു..ഉരുണ്ട പാറക്കല്ല് നെഞ്ചിലേക്ക് ഇടിച്ചിറക്കുന്ന വേദനയായിരുന്നു അത്…


എനിക്കുവേണ്ടാ ശവപുഷ്പങ്ങൾ…എനിക്കുവേണ്ടാ ഔദ്യോഗിക ബഹുമതി..
മരണശേഷം ഒരു പൂവും എന്റെ ദേഹത്ത് വെക്കരുത്.ഒരു ഔദ്യോഗിക ബഹുമതിയും വേണ്ടാ..മതപരമായ ചടങ്ങുകളും വേണ്ടാ..എത്രയും പെട്ടന്ന് ശാന്തി കവാടത്തിൽ എത്തിക്കണം.. ദഹിപ്പിക്കണം..ഒരാൾ മരിച്ചാൽ പതിനായിരക്കണക്കിന് പൂക്കളും പുഷ്പചക്രങ്ങളും മൃതദേഹത്തിൽ മൂടുന്നു. ശവ പുഷ്പങ്ങൾ.. എനിക്കവ വേണ്ട..മരിച്ചവർക്ക് പൂക്കൾ വേണ്ടാ…ജീവിച്ചിരിക്കുമ്പോൾ ഇത്തിരി സ്നേഹം തരിക..അതുമാത്രം മതി..


ആ കൃഷ്ണവനം ഒന്നുകൂടി കാണാൻ….
ഒരാഗ്രഹം ബാക്കിയാക്കിയാണ് പ്രിയ കവയിത്രി യാത്രയാകുന്നത്.ഒന്നുകൂടി സൈലന്റ് വാലി കാണണമെന്ന ആഗ്രഹം..അട്ടപ്പാടിയിലെ കൃഷ്ണവനത്തിൽ ഒന്നുകൂടെ പോകണമെന്ന ആഗ്രഹം.അതിന് സാധിക്കുമെന്ന് തോന്നുന്നില്ല.എൻ വി കൃഷ്ണവാര്യരുടെ പേരിൽ അവിടെ കുറെ മരങ്ങൾ നട്ടുപിടിപ്പിച്ചിരുന്നു.അതിപ്പോൾ വളർന്ന് നിബിഡ വനമായിരി ക്കുന്നു എന്ന് കേൾക്കുന്നു…


നന്ദി..നന്ദി…മാത്രം…
"എനിക്ക് വാരിക്കോരിത്തന്ന സ്നേഹത്തിനും വിശ്വാസത്തിനുമെല്ലാം നന്ദി..ഈ മഴയോട്…ഈ വെയിലിനോട്..ഈ മണ്ണിനോട്..ഈ തണലിനോട്..എനിക്ക് നിറച്ചു വിളമ്പിത്തന്ന അന്നത്തിനോട്…എന്റെ ശിരസ്സിൽ കൈവെച്ച അനുഗ്രഹത്തോട്…എല്ലാം നന്ദി മാത്രം..ഇനി അടുത്ത ജന്മം ഈ ഈ മണ്ണിൽത്തന്നെ കഷ്ടപെടാനും പാടുപെടാനും ഞാൻ വരും.."

ഇതിഹാസമേ …..വിട

E D I T O R I A L

അറുപതാം പിറന്നാളിന്റെ മധുരം മായുന്നതിനിടയിലാണ് ലോകത്തെ ഞെട്ടിച്ച് മറഡോണയുടെ വിയോഗമുണ്ടായത്.ലോകം മുഴുവൻ മറഡോണയ്ക്കായി ആദരാജ്ഞലികൾ അർപ്പിക്കുകയാണ്.ഫുട്ബോൾ ലോകത്തോടൊപ്പം രാഷ്ട്രത്തലവന്മാരും ലോക നേതാക്കളും അദ്ദേഹത്തിന് ആദരാജ്ഞലികൾ അർപ്പിക്കുകയാണ്.ഇതിഹാസം തന്ന്നെയായിരുന്നു ആ ജീവിതം എന്ന കാര്യത്തിൽ സംശയമില്ല.ലോകത്തിന്റെ നെറുകയിൽ വിരാചിക്കുമ്പോഴും ഫുട്ബോൾ അല്ലാതെ മറ്റൊരു ചിന്തയും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തന്നെ പറഞ്ഞിട്ടുണ്ട്.കായിക താരങ്ങൾ പലരും കയ്യിൽ എത്തുന്ന വലിയ സമ്പത്തിനെ ബിസിനെസ്സിനും മറ്റുമായി വഴി മാറ്റിയപ്പോൾ മറഡോണ എന്ന ഫുട്ബോൾ താരം ഫുട്ബോളിന് മാത്രമായി ജീവിച്ചു.പ്രതിഭാശാലികൾ കുട്ടികക്കാലം മുതലേ അവരുടെ പ്രതിഭ വെളിവാക്കുന്നു എന്ന് പറയാറുള്ളതുപോലെ മറഡോണ എന്ന കുട്ടിയിൽ പ്രതിഫലിച്ച ഫുട്ബോൾ ഭ്രമമാണ് പിൽക്കാലത്ത് ആ മഹാ പ്രതിഭാശാലിയെ രൂപപ്പെടുത്തിയത്.ജീവിതാവസാനം വരെ മറഡോണ എന്ന വിസ്മയം കാൽ പന്തുകളിക്ക് മാത്രമായി ജീവിച്ചു.
1960 ഒക്ടോബറിൽ അർജന്റീനയിലെ ബ്യുണസ് ഐറിസിലെ വില്ല ഫിയോറിത്തൊയിലാണ് ജനനം.ഡോൺ ഡീഗോ ഡാൽമ സാൽവദോറ.ഫ്രാങ്കോ ദമ്പതികളുടെ എട്ടു മക്കളിൽ അഞ്ചാമനായിരുന്നു.ദാരിദ്ര്യം നിറഞ്ഞതായിരുന്നു കുട്ടിക്കാലം.ഫാക്ടറി ജീവനക്കാരനായിരുന്ന അച്ഛൻ ഡോണിന് കുടുംബം പുലർത്താൻ പാടുപെടേണ്ടിവന്നു.
മൂന്നാം പിറന്നാൾ ദിനത്തിൽ സമ്മാനമായി കിട്ടിയ ഒരു പന്തിൽനിന്നായിരുന്നു മറഡോണയുടെ ഫുട്ബോൾ ആഭിമുഖ്യം മാതാപിതാക്കൾ തിരിച്ചറിയുന്നത്.ഒൻപതാം വയസാകുമ്പോഴേക്കും ഗ്രാമത്തിലെ അറിയപ്പെടുന്ന കളിക്കാരനായി മാറി.12 ആം വയസ്സിൽ ലിറ്റൽ ഒനിയൻ ക്ലബ്ബിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.തുടർന്ന് ലോസ് ആൻജെലസിലെ ഒരു ക്ലബ് മറഡോണയെ റാഞ്ചുകയായിരുന്നു.അവിടെനിന്ന് അർജന്റിനോ ജൂനിയർസിനായി നിരവധി മത്സരങ്ങൾ കളിച്ചു.19 ആം സ്ഥാനത്തായിരുന്ന ക്ലബ് മറഡോണയുടെ വരവോടെ 1980ൽരണ്ടാം സ്ഥാനത്തെത്തി. 1977 ൽ പതിനാറാം വയസ്സിൽ ദേശീയ ടീമിലെത്തി.ഹങ്കറിക്കെതിരെയായിരുന്നു ആദ്യ മത്സരം.പക്ഷെ പ്രായം കുറഞ്ഞു എന്നതിന്റെ പേരിൽ അർജന്റീനയുടെ ലോകകപ്പ് ടീമിൽ ഇടം നേടാൻ പറ്റിയില്ല.എന്നാൽ 1979 ജൂൺ 2 ന് സ്കോട്ട് ലണ്ടിനെതിരെ നടന്ന മത്സരത്തിൽ രാജ്യത്തിനായുള്ള ആദ്യ ഗോൾ മറഡോണ നേടി.
പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല മറഡോണ എന്ന ഇതിഹാസ താരത്തിന്.അടിച്ച ഗോളുകൾക്കും കളിച്ച കളിക്കളങ്ങൾക്കും കണക്കുണ്ടായിരുന്നില്ല.1984 നവംബർ 7 ന് മറഡോണയുടെ ജീവിതസഖിയായി ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ക്ലോഡിയ വില്ലഫേയ്‌നയെ വിവാഹം കഴിച്ചു.1991 മാർച്ച് 17 ന് ഒരു ഫുട്ബോൾ മത്സരത്തിന് ശേഷം നടന്ന പരിശോധനയിൽ അദ്ദേഹം കൊക്കെയ്ൻ ഉപയോഗിച്ചതായി കണ്ടെത്തി. എന്നും വിവാദങ്ങൾക്കൊപ്പം നിലകൊണ്ട മറഡോണ 1994 ൽ മാധ്യമ പ്രവർത്തകർക്ക് നേരെ എയർ ഗണ്ണുപയോഗിച്ച് വെടിവെച്ചത് വിവാദമായി.ഇതിന്റെപേരിൽ നിയമ നടപടികളും നേരിട്ടു.1996 ൽ വീണ്ടും ഉത്തേജക മരുന്ന് പരിശോധനയിൽ പരാജിതനായി.1997 ലെ ഒരു പിറന്നാൾ ദിനത്തിൽ ഫുട്ബോൾ കരിയർ അവസാനിപ്പിച്ചു.ഫുട്ബോൾ കളി അവസാനിപ്പിച്ചതിന് ശേഷം നിരവധി തവണ പലവിധ ആരോഗ്യപ്രശ്‌നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.ഏറ്റവും ഒടുവിൽ തലച്ചോറിൽ രക്തം കട്ട പിടിച്ചപ്പോഴും അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു

മാനവികതയുടെ ഈറ്റില്ലങ്ങളിൽ പൂത്തുലഞ്ഞ കവിതകൾ

മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്ര രേഖകൾ ക്കൊപ്പം എഴുതപ്പെട്ട മാനവികതയുടെ അംശം തൊട്ടറിഞ്ഞ, നിത്യവ സന്തമായി പൂത്തുലഞ്ഞ കവിതകളായിരുന്നു പ്രിയപ്പെട്ട കവി നമ്മോ ട് പറഞ്ഞത്.ജീവിതത്തിന്റെ ദർശനം തന്നെ മാനവികതയിൽ അടിയു റച്ച സ്നേഹം തന്നെയെന്ന് കവി വിളിച്ചു പറഞ്ഞു.

എഴുതപ്പെട്ട അക്ഷരങ്ങളിലെല്ലാം വിശ്വമാനവ ദർശനം ഒഴുകിയെത്തി. "നിരുപാധികമാം സ്നേഹം ബലമായ്‌വരും ക്രമാൽ അതാണഴ,കതെ… സത്യം..അതു ശീലിക്കൽ ധർമ്മവും.."അക്കിത്തം എന്ന മഹാകവിക്കു മാത്രം ഒരുപക്ഷേ കോറിയിടാൻ കഴിയുമായിരുന്ന വരികളാകാം ഇത്..വീടിനടുത്തുള്ള അമേറ്റിക്കര ഹരിമംഗലം ക്ഷേത്രത്തിന്റെ കൽ ചുമരുകളിൽ വാക്കുകളെ വരച്ചിടുമ്പോൾ അച്യുതൻ എന്ന നമ്പൂതി രിക്കുട്ടി ഉപനയനം പോലും കഴിഞ്ഞിട്ടില്ലായിരുന്നു.വിചിത്രമായ ലോകനടത്തിപ്പിന്റെ തുമ്പില്ലായ്മ്മക്കെതിരെയാണ് മഹാകവി ഇന്നോളം എഴുതിക്കൊണ്ടിരുന്നത്.
സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളിൽ വി ടി ഭട്ടതിരിപ്പാടായിരു ന്നു ഗുരുനാഥൻ.സാമൂഹിക യാഥാസ്ഥിതികത്വത്തിന്റെ അടിവേരുക ൾ പിഴുതെറിയപ്പെടുമ്പോൾ വി ടി യുടെകൂടെ അക്കിത്തം എന്ന ഉണ്ണി നമ്പൂതിരി കൂടെ ഉണ്ടായിരുന്നു.യോഗക്ഷേമ സഭയോടൊപ്പവും നവോത്ഥാനത്തിന് വേണ്ടി പ്രവർത്തിച്ച ചരിത്ര പാഠങ്ങളും മഹാകവി സ്വന്തമാക്കി.ആ കാലത്തുതന്നെയായിരുന്നു ഐ സി പി നമ്പൂതിരിയുടെയും ഇ എം എസിൻറെയും കൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായതും,സംസ്ഥാന രൂപീകരണത്തിന് മുൻപുള്ള തിരഞ്ഞെടുപ്പിൽ കെ ബി മേനോനെതിരെ മത്സരിക്കാൻ പാർട്ടി തെരഞ്ഞെടുത്തതും അക്കിത്തത്തെയായിരുന്നു.എന്നാൽ വലിയ തിരിച്ചറിവും വഴിത്തിരിവുമായി അച്ഛന്റെ വാക്കുകൾ വലിയ പ്രകമ്പനങ്ങളായി കാതിൽ അലയടിച്ചു.അച്ഛൻ പറഞ്ഞു "നീ രാഷ്ട്രീയത്തിൽ പരാജയവും കവിതയിൽ വിജയവുമായിരിക്കും" ഒട്ടും ആലോചിക്കേണ്ടിവന്നില്ല അച്ഛൻ പറഞ്ഞ വഴി തിരഞ്ഞെടുക്കാ ൻ.
അക്കിത്തത്തിലെ കവിതകളെ കണ്ടെത്തിയത് മഹാകവി ഇടശ്ശേരി ആയിരുന്നു.ചിരിക്കാനറിയുന്നവർക്ക് കരയാനും,രണ്ടും അറിയാ നുള്ള ദർശനമുള്ളവർക്ക് കവിതകൾ എഴുതാൻ കഴിയുമെന്നും അക്കി ത്തത്തിന്റെ കവിത വായിച്ച് ഇടശ്ശേരി പറഞ്ഞു.കവിതയിൽനിന്ന് കണ്ണീർതുള്ളികൾ കുഴിച്ചെടുക്കാനാണ് ഇടശ്ശേരി അക്കിത്തത്തെ ഉപദേശിച്ചത്.

മറ്റുള്ളവരുടെ വേദനയിൽ സ്വയം നീറുന്ന ദീനാനുകമ്പയുള്ള ഈ പര ക്ലേശ വിവേകം പിന്നീടങ്ങോട്ട് അദ്ദേഹത്തെ വിശ്വമാനവികതയുടെ പാട്ടുകാരനാക്കി.ഈ ചിന്തകൾ എല്ലാ കാലത്തും അദ്ദേഹത്തെ അശര ണരുടെ കൂടെ നില്ക്കാൻ പഠിപ്പിച്ചു.എല്ലാ രാഷ്ട്രീയ സമരങ്ങളും പരാ ജയപ്പെടുന്നിടത്തും എല്ലാ യുദ്ധങ്ങളും തോറ്റുപോകുന്നിടത്തും അങ്ങി നെ തോൽക്കുന്നവരുടെ പക്ഷത്തുനിന്നുമാണ് അദ്ദേഹം ഇതിഹാസം എഴുതിയത്.
പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിലെ അമേറ്റൂർ അക്കിത്തത് മനയിൽ 1926 മാർച്ച് 18 ന് അക്കിത്തത് വാസുദേവൻ നമ്പൂതിരിയുടെ യും ചെകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനത്തിന്റെയും മകനാ യി ജനനം.വളരെ ചെറുപ്പത്തിൽത്തന്നെ സംസ്‌കൃതത്തിലും മലയാള ഭാഷയിലും ജ്യോതിഷത്തിലും അവഗാഹം നേടിയ അക്കിത്തം 1946 മുതൽ ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി.ഉണ്ണി നമ്പൂതിരി സമുദാ യ പ്രവർത്തനത്തിൽ സജീവമായ അദ്ദേഹം മൂന്ന് വർഷത്തോളം മംഗളോദയം,യോഗക്ഷേമം മാസികകളുടെ സഹ പത്രാധിപരായി. തുടർന്ന് ഒരുകാലത്ത് മലയാള സാഹിത്യ പ്രതിഭകളുടെ ഈറ്റില്ലമായ കോഴിക്കോട് ആകാശവാണിയിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി. പിന്നീട് തൃശൂർ നിലയത്തിൽ എഡിറ്ററായും പ്രവർത്തിച്ചു.1985 ൽ ആകാശവാണിയിൽനിന്ന് വിരമിച്ചു.
കവിതകൾ,നാടകങ്ങൾ,ചെറുകഥകൾ,ഉപന്യാസങ്ങൾ എന്നിങ്ങനെ അക്കിത്തം എന്ന മഹാകവി മലയാള സാഹിത്യത്തിന് സംഭാവന നൽകാത്ത മേഖലകളില്ല.വിവിധമേഖലകളിൽ അൻപതോളം അദ്ദേഹത്തിന്റെ സംഭാവനയായി മലയാള ഭാഷയ്ക്ക് ലഭിച്ചു.

നിലച്ചുപോയത് ഇതിഹാസ നാദവിസ്മയം.. പാടിയത് നാൽപ്പതിനായിരത്തിലേറെ പാട്ടുകൾ..

ചെന്നൈ : സംഗീതലോകത്തിന് ഇനി പ്രാർത്ഥനകൾ ബാക്കിയില്ല.ആ ഇതിഹാസ നാദവിസ്മയം ഒരിക്കലും നിലച്ചുപോകാതിരിക്കാനുള്ള പ്രാർത്ഥനകളെ വിഫലമാക്കി എസ് പി ബി എന്ന ഇതിഹാസ നാദം നിലച്ചു.ചെന്നൈ എം ജി എം ആശുപത്രയിൽനിന്നുള്ള ശുഭവാർത്തകൾക്കായി കാത്തുനിന്ന ലക്ഷക്കണക്കിന് ആരാധകരെ ദുഃഖത്തിലാഴ്ത്തി പാടാനിരുന്ന നൂറു നൂറു പാട്ടുകളെ ബാക്കിയാക്കി എസ് പി ബാലസുബ്രഹ്മണ്യം എന്ന ഇതിഹാസതാരം വിടവാങ്ങി.
കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നെങ്കിലും സാധ്യമായതെല്ലാം ചെയ്യുമെന്ന് അദ്ദേഹത്തെ ചികിൽസിച്ചിരുന്ന ഡോക്ടർമാരുടെ സംഘം പറഞ്ഞിരുന്നു.എങ്കിലും കഴിഞ്ഞ 24 മണിക്കൂറിൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.

ചികിത്സയിൽകഴിഞ്ഞിരുന്ന ചെന്നൈ എം ജി എം ഹെൽത്ത് കെയർ വൃത്തങ്ങൾ എസ്പിബി യുടെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ ബുള്ളറ്റിനിലൂടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ അറിയിച്ചുകൊണ്ടിരുന്നു..സാധ്യമായ എല്ലാ വൈദ്യ സഹായവും അദ്ദേഹത്തിന് നൽകുന്നുണ്ടെന്ന് ആശങ്കയിലായിരുന്ന അദ്ദേഹത്തിന്റെ ആരാധകരെ ആശുപത്രി അധികൃതർ അറിയിച്ചുകൊണ്ടേയിരുന്നു.
നേരിയ കോവിഡ് ലക്ഷണങ്ങളോടെ ആഗസ്ത് 5 നാണ് അദ്ദേഹത്തെ ആശുപത്രയിൽ പ്രവേശിപ്പിച്ചത്.അന്ന് കാര്യമായ ആരോഗ്യ പ്രശ്ന ങ്ങൾ ഇല്ലെന്നറിയിച് അദ്ദേഹംതന്നെ വീഡിയോ പുറത്തുവിട്ടിരുന്നു.
ആഗസ്ത് 13 ആകുമ്പോഴേക്കും ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തി ലേക്ക് മാറ്റി.വെന്റിലേറ്ററിൽ അദ്ദേഹത്തിനെ പ്ലാസ്മ ചികിത്സക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.
ഇടയ്ക്ക് അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി അദ്ദേഹ ത്തിന്റെ മകൻ ആശുപത്രിയിലെ അദ്ദേഹത്തിന്റെ ചിത്രം സഹിതം അറിയിച്ചിരുന്നു.അദ്ദേഹം ഭക്ഷണം കഴിക്കാൻ തുടങ്ങിയതായും അറിയിച്ചിരുന്നു.എന്നാൽ പൊടുന്നനെയാണ് ആരോഗ്യനില വഷളായതും മരണത്തിന് കീഴടങ്ങിയതും.
ഇന്ത്യൻ സിനിമാ സംഗീത ലോകത്തിന് തീരാ നഷ്ടമായ എസ് പി ബാലസുബ്രഹ്മണ്യം 40000 ത്തോളം സിനിമാ ഗാനങൾ പാടിയിട്ടുണ്ട്.സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും ആ ഭാവഗായകന്റെ കണ്ഠം വിട്ടൊഴുകിയെത്തിയ ഗാനവീചികൾ അത്രമാത്രം അദ്ദേഹത്തിന് ആരാധകരെ സൃഷ്ടിച്ചു. തെന്നിന്ത്യ യിലെയെന്നല്ല ഒട്ടുമിക്ക ഇന്ത്യൻ ഭാഷകളിലും പാടി കഴിവുതെളി യിച്ച എസ്പിബി ഏറ്റവും കൂടുതൽ ഹിറ്റുകൾ സൃഷ്ട്ടിച്ചത് ഇളയ രാജയുടെ കൂടെ ആണെന്ന് നിസ്സംശയം പറയാം.തെന്നിന്ത്യൻ ഭാഷകളി ലെല്ലാം ഇളയരാജയുടെ കൂടെയുള്ള എസ്പിബി കോമ്പിനേഷൻ പാട്ടു കൾ നിത്യഹരിതങ്ങളായി ഇന്ത്യൻ സിനിമയിൽ എക്കാലത്തും തിളങ്ങി നിൽക്കും.ഇളയരാജയോടൊത്തുള്ള പാട്ടിലെ രസതന്ത്രം എസ്പിബി പറയാതെ പറഞ്ഞിട്ടുണ്ട്‌.തമിഴ്,തെലുഗ് ഭാഷകളിൽ നിറഞ്ഞുകവിയുന്ന നിറമാർന്ന എത്രയോ താര രാവുകളിൽ ആ രസത ന്ത്രത്തിൽ ലൈവ് ആയ പാട്ടുകൾ ഒഴുകിയെത്തി. ഇളയരാജയോടൊ ത്തുള്ള സ്റ്റേജ് ഷോകളിൽ എസ്പിബി അനുഭവിക്കുന്ന ഒരു സ്വാതന്ത്ര്യ വും ആനന്ദവും എടുത്തുപറയേണ്ടതാണ്.ലൈവ് ഷോകളിൽപോലും ഒരു റെക്കോർഡിങ് സ്റ്റൈലിൽ തെറ്റുകൾ തിരുത്തിയും കൂടുതൽ ഭംഗി വരുത്തിയുംസംഭാഷണ ശകലങ്ങൾകൊണ്ടുള്ള ആ കോംബിനേഷനിൽ നിലവിൽ ഹിറ്റ് ആയ പല ഗാനങ്ങളും തകർത്തു പാടുമ്പോൾ ഇതായി രുന്നു കൂടുതൽ മെച്ചം എന്ന് തോന്നിപ്പോയ എത്രയോ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.മാത്രമല്ല തമിഴ് തെലുഗ് സ്റ്റേജ് ഷോകളിൽ ഏത് താര രാജാക്കന്മാരെക്കാളും ആരാധകർ ഇളകിമറിയുന്നത് എസ്പിബി ഇളയരാജ കൂട്ടുകെട്ടിൽ ഉള്ള പാട്ടുകൾ വരുമ്പോഴാണ് എന്നതും ഒരു യാഥാർഥ്യമാണ്.

ഗായകൻ,സംഗീത സംവിധായകൻ,നടൻ,ഡബ്ബിങ് ആർട്ടിസ്റ്റ് എന്നി നിലകളിൽ തിളങ്ങിയ ബഹുമുഖ പ്രതിഭതന്നെയായിരുന്നു എസ്പി ബാലസുബ്രഹ്മണ്യം.തെന്നിന്ത്യൻ ഭാഷകൾക്ക് പുറമെ ഹിന്ദി അടക്കം നിരവധി ഭാഷകളിലായി നാൽപ്പത്തിനായിരത്തോളം പാട്ടുകൾ പാടി എന്നത് ഒരുപക്ഷെ ഒരു റെക്കോർഡ് ആയിരിക്കും.ആറ് ദേശീയ പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.ആന്ധ്രപ്രദേശ് സർക്കാരിന്റെ 25 നന്ദി പുരസ്‌കാരങ്ങൾക്ക് പുറമെ കലൈമാമണി, ബോളിവുഡ്,ദക്ഷിണേന്ത്യൻ ഫിലിം ഫെയർ പുരസ്‌കാരങ്ങൾ എന്നിവ ലഭിച്ചിട്ടുണ്ട്.ഇന്ത്യൻ സിനിമക്കായി അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് 2012 ൽഎൻ ടി ആർ ദേശീയ പുരസ്‌കാരം നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.പത്മശ്രീ,പത്മഭൂഷൺ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ദുരിതം വിതച്ച ഈ കോവിഡ് കാലത്തുപോലും അടച്ചിടലിന്റെ വേദനയിൽ ആരും വിഷമിക്കരുതെന്ന സന്ദേശവുമായി അദ്ദേഹം പാടിയ "ഒരുമിച്ചു നിൽക്കേണ്ട സമയം..ഇത് പൊരുതലിന്റെ..കരുതലിന്റെ സമയം" എന്ന മലയാള ഗാനം സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു..എല്ലാവരുടെയും കരുതലിനായി പ്രാർത്ഥിച്ച ആ ഇതിഹാസ നാദം ഇപ്പോൾ നമ്മോടൊപ്പമില്ല എന്ന യാഥാർഥ്യം ഒരു ഞെട്ടലായി അവശേഷിക്കും.പാടിയ പാട്ടുകൾ മധുര തരം..പാടാത്ത പാട്ടുകൾ അതി മധുരം എന്ന വചനംപോലെ എസ്പിബി എന്ന ഇതിഹാസം പാടാതെപോയ പാട്ടുകൾ അതിമധുരമായി നിലകൊള്ളട്ടെ..

ഇങ്ങനെ പോരാ…നമുക്ക് ഒന്നാമത് എത്തണം…

കേന്ദ്ര സർക്കാരിന്റെ വാണിജ്യ മന്ത്രാലയം ഈ സാമ്പത്തിക വർഷം പുറത്തിറക്കിയ വ്യപാര വ്യവസായ സൗഹാർദ സൂചികയിൽ കേരളം വീണ്ടും പിന്നിൽ എന്ന വാർത്ത ഏതൊരു കേരളീയനുംഒരുപാട് വിഷമത്തോടെ മാത്രമേ കേൾക്കാൻ കഴിയു. 'സ്റ്റേറ്റ് ബിസിനസ് റീഫോം ആക്ഷൻ പ്ലാൻ 2019' പ്രകാരം കേന്ദ്രവാണിജ്യമന്ത്രലയം ശനിയാഴ്ച പുറത്തുവിട്ട സൂചികയിലാണ് കേരളം ഇരുപത്തെട്ടാം സ്ഥാനത്തെത്തി പിറകിലോട്ട് പോയത്എന്ന പരമമായ സത്യം വീണ്ടും നാം മനസിലാക്കുന്നത്.ക ഴിഞ്ഞ വർഷം ഇത് 23 ആയിരുന്നു.അതിന്റെ അർത്ഥം വര്ഷം കഴിയുന്തോറും നമ്മൾ പിറകിലോട്ട് പോകുന്നു എന്ന വസ്തുതയാണ്. കോവിഡ് പ്രതിരോധത്തിൽ നമ്മൾ ലോകത്തിന് മാതൃകയായി എന്നത് അഭിമാനകരമായ നേട്ടമായി നിലനിൽക്കുമ്പോഴും വിമർശകർ ഉന്നയിക്കുന്ന ഒളിയമ്പുകളിലെ യാഥാർഥ്യങ്ങളെ അവഗണിച്ചു തള്ളാൻ പറ്റില്ല.കേരളത്തിൽനിന്നുള്ള രോഗികളെതടയാനായി കർണ്ണാടകംറോഡുകൾ മണ്ണിട്ട് മൂടി തടഞ്ഞത് ന്യായീകരിക്കാവുന്ന സംഗതി അല്ലെങ്കിലും ആരോഗ്യരംഗത് നമ്മൾ അഭിമാനിക്കുന്ന നേട്ടം കൊയ്യുമ്പോൾ എന്തിന് കർണ്ണാടകത്തെ ആശ്രയിക്കണം എന്ന വിമർശകരുടെ ചോദ്യം പ്രസക്തമായി തോന്നിയേക്കാം.എല്ലാ മേഖലയിലും നമ്മൾ വമ്പന്മാരാണെന്ന് മേനി പറയുന്ന സാങ്കേതികതകൾക്കപ്പുറം പച്ചയായ യാഥാർഥ്യങ്ങളി ലേക്ക് നമ്മൾ ഒന്ന് കണ്ണോടിക്കേണ്ടിയിരിക്കുന്നു.ഇവിടെ വ്യവസായങ്ങൾ വളരുന്നില്ല,പുതിയ സംരംഭകർ വരുന്നില്ല എന്ന പരാതികൾ നമ്മൾ സ്വയം പറയാൻ തുടങ്ങിയിട്ട് വര്ഷം ഏറെയായി.കേരളം വ്യവസായ സൗഹൃദമല്ലാ എന്ന ചീത്തപ്പേരിന് കാരണമായ രാഷ്ട്രീയ കാരണങ്ങളും ട്രേഡ് യൂണിയൻ ഇടപെടലുകളുമൊ ക്കെ എല്ലാവര്ക്കും അറിയാവുന്ന സംഗതി ആണ് അതുകൊണ്ട്തന്നെ ചർച്ച ചെയ്ത് തഴമ്പിച്ച ഒരു വിഷയം ഇവിടെ വീണ്ടും ചർവിത ചർവ്വണം ആക്കേണ്ട കാര്യമില്ല.എങ്ങിനെ നമ്മുടെ ഉള്ളിന്റെ ഉള്ളിലുള്ള യാഥാസ്ഥി തിക മനോഭാവം മാറി നമ്മുടെ സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കിമാറ്റം എന്ന ആരോഗ്യകരമായ ചർച്ചകളിലേക്ക് മടങ്ങിപ്പോകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.ഒരുകാലത് നമ്മുടെ അത്രപോലും പുരോഗതി ഇല്ലാതിരുന്ന പല സംസ്ഥാനങ്ങളും ഇന്ന് വമ്പൻ വ്യാവസായിക സൗഹൃദ നഗരങ്ങളായി മാറിയത് ഒരു സത്യമാ ണ്.പലപ്പോഴും ബംഗളൂരുവിലും ഹൈദരാബാദിലും സന്ദർശിക്കുന്ന ചിന്തിക്കുന്ന ഒരു മലയാളിക്ക് നമ്മുടെ ഗതികേടുകൊണ്ട് അവരുടെ വളർച്ചയോട് അസൂയവരെ തോന്നിപ്പോകാം.സർവ്വതിലും ഇടുങ്ങിയ രാഷ്ട്രീയ കാഴ്ചപ്പാടുകയും അഹന്തയും മാറ്റിവെച്ചു നമ്മൾ മാറേണ്ടിയിരിക്കുന്നു.ഒരേസമയം അംബാനിയെയും അദാനിയേയും കുറ്റം പറയുകയും മറ്റു പലരെയും പല കാരങ്ങളാലും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നമ്മുടെയൊക്കെ ഇടുങ്ങിയ ചിന്തകളും സ്ഥാപിത താല്പര്യങ്ങളും മാറേണ്ടത് അത്യാവശ്യമാണ്.ലോകം അറിയപ്പെടുന്ന നമ്മുടെ വ്യവസാ പ്രമുഖന്മാരെ അംഗീകരിക്കാനുള്ള വിശാലതയിലേക്ക് നമ്മുടെ മനോഭാവം മാറേണ്ടിയിരിക്കുന്നു.
കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ വ്യവസായ സൂചികയിൽ ആന്ധ്രാപ്രദേശ് ആണ് ഇത്തവണയും ഒന്നാമത്.ഉത്തർപ്രദേശ് രണ്ടാമതും തെലുങ്കാന മൂന്നാം സ്ഥാനത്തും നിൽക്കുന്നു.മഹാരാഷ്ട്ര പതിമൂന്നും തമിഴ്‌നാട് പതിനാലും സ്ഥാനത്തുള്ളപ്പോൾ കർണ്ണാടക പതിനേഴാം സ്ഥാനത് നിൽക്കുന്നു.ഗുജറാത്ത് പത്താം സ്ഥാനത്താണ്.രാജ്യത്ത് ബിസിനസുകൾക്ക് അനുകൂലമായ അന്തരീക്ഷം വളർന്നുവരികയാണെന്നും സംഥാന ങ്ങൾ വ്യവസായികൾക്കാവശ്യമായ അന്തരീക്ഷം ഒരുക്കണമെന്നും കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.കോവിഡ് കാലത്തുപോലും രാജ്യത്ത് ഇന്ത്യയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം കൂടിയെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു.പുതിയ കാലഘട്ടത്തിൽ മറ്റേത് വികസിത രാജ്യങ്ങളു ടെയും ഒപ്പം തല ഉയർത്തിയാണ് നമ്മുടെ രാജ്യം ഇന്ന് നിലകൊള്ളുന്നത്.നമ്മൾ വമ്പന്മാർ എന്ന് വിലയിരുത്തി യ പലരാജ്യങ്ങളും കോവിഡ് മഹാമാരിയിൽ അമ്പരന്നുപോയപ്പോൾ ഹൈഡ്രോക്സിക്ലോറോക്വിൻ എന്ന ജീവൻ രക്ഷാ മരുന്നിനുവേണ്ടി .നമ്മളെയാണ് ആശ്രയയിച്ചത് എന്ന മാറിയ യാഥാർഥ്യം നാം തിരിച്ചറിയേണ്ടി യിരിക്കുന്നു.കേവലമായ രാഷ്ട്രീയമായ താല്പര്യങ്ങൾക്കപ്പുറം വിശാലമായ കാഴ്ചപ്പാടുകൾ ഉള്ളതായി മാറ ട്ടെ നമ്മുടെ നാളെകൾ എന്ന് സ്വപ്നം കാണേണ്ടിയിരിക്കുന്നു.വരും വർഷങ്ങളിൽ എങ്കിലും ഇത്തരം സൂചികക ളുടെ കണക്കെടുപ്പിൽ നമ്മുടെ സംസ്ഥാനത്തെ ഒന്നാം സ്ഥാനത്തെത്തിക്കാൻ നമ്മുടെ മാറിയ ചിന്തകൾ എത്തിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.

photo courtesy:razorpay.com

തീപിടുത്തം സമഗ്ര അന്വേഷണം വേണം


സെക്രെട്ടറിയേറ്റിൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഉണ്ടായ തീപിടുത്തത്തിൽ സമഗ്ര അന്വേഷണം നടത്തി സർക്കാർ പൊതുസമൂഹത്തിനിടയിലുണ്ടായ സംശയങ്ങൾ തീർക്കണം.കേവലമായ ഒരു തീപ്പിടുത്തങ്ങൾക്കപ്പുറം എന്തൊക്കെയോ ഇതിന്റെ പിന്നിൽ ചീഞ്ഞു നാറുന്നു എന്ന പ്രതിപക്ഷ പാർട്ടികളുടെ ആക്ഷേപങ്ങൾക്ക് മുന്നിൽ തലകുനിക്കേണ്ട ഗതികേടിൽനിന്ന് ഈ സർക്കാരിന് മുഖം രക്ഷിക്കണമെങ്കിൽ അത്തരത്തിൽ ഒരു അന്വേഷണം നടത്തിയേ തീരു.പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന സാൻഡ്‌വിച് ബ്ളോക്കിലെ തീപിടുത്തത്തിന് ഒരുപാട് വാർത്താപ്രാധാന്യം ലഭിച്ചത് എങ്ങിനെയാണെന്ന് എല്ലാവര്ക്കും അറിയാം..ഒരു കമ്പ്യൂട്ടറും ഏതാനും ഫയലുകളും കത്തിനശിച്ചതായാണ് ആദ്യം വിവരം പുറത്തുവന്നത്. എന്നാൽ വൈകുന്നേരം തീപ്പിടുത്തം ഉണ്ടായ ഉടൻ അഗ്നിരക്ഷാസേന എത്തി തീ അണ യ്ക്കുകയായിരുന്നു. ചീഫ് പ്രോട്ടോകോൾ ഓഫീസറുടെ ഓഫീസിലാണ് തീപിടുത്തമുണ്ടായതെന്നാണ് ഈ തീപിടുത്തത്തിന് ഇത്രയധികം വാർത്താ പ്രാധാന്യം ലഭിക്കാൻ കാരണം.നേരത്തെ സ്വർണ്ണക്കള്ളക്കടത് വിവാദങ്ങളുടെ ആദ്യഘട്ടത്തിൽ പ്രോട്ടോകോൾ ഓഫീസറോട് സെക്രെട്ടറിയേറ്റിലെ നിരീക്ഷണ ക്യാമറകളുടെ ദൃശ്യങ്ങൾ ദേശീയ അന്വേഷണ ഏജൻസി ആവശ്യപ്പെട്ടതും മറ്റും കേരളീയസമൂഹം ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ്.ആ ദൃശ്യങ്ങളും രേഖകളും എൻ ഐ എ ക്ക് ഇനിയും കൈമാറിയിട്ടില്ലെന്നിരിക്കെ അത്ര സ്ഥലത്തു തീപ്പിടുത്തമുണ്ടായി എന്നതാണ് ജനങ്ങൾക്കിടയിൽ സംശയങ്ങൾ ഉണ്ടാക്കാൻ കാരണമായത്.തീപ്പിടുത്തം യാദൃശ്ച്ചികമാകാം.അങ്ങിനെ എങ്കിൽ ഒരു പുകമറയും ബാക്കിവെക്കാതെ സർക്കാരിന് ജനങ്ങളോട് സത്യം വിളിച്ചുപറയാൻ സാധിക്കും.അല്ലാതെ പ്രതിഷേധങ്ങളെയും മുദ്രാവാക്യം വിളികളെയും അസഹിഷ്ണുതയോടെ വീക്ഷിക്കുന്ന,എല്ലാം പോലീസിനെക്കൊണ്ട് അടിച്ചമർത്താൻ സാധിക്കും എന്ന നിലപാട് ഒരു ജനാധിപത്യ സർക്കാരിന് യോജിച്ചതല്ല.പ്രത്യേകിച്ച് മാധ്യമങ്ങളെ അടക്കം അകറ്റി നിർത്താനും പ്രതിപക്ഷ പാർട്ടികളുടെ സാന്നിധ്യംപോലും സംഭവസ്ഥലത് ഉണ്ടാകാൻ പാടില്ലെന്ന നിലപാടുകളുമാണ് ഈ വിഷയത്തെ ഇത്രയും വഷളാക്കിയത് എന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു.സർക്കാരിന്റെ ഈ അസഹിഷ്ണുത നിറഞ്ഞത് എന്ന് മറ്റുള്ളവർക്ക് തോന്നിയേക്കാവുന്ന പെരുമാറ്റത്തിന്റെ അലയടികളാണ് ചൊവ്വാഴ്ച രാത്രി വൈകുംവരെ സെക്രട്ടറിയേറ്റ് പരിസരങ്ങളിൽക്കണ്ട സംഘർഷങ്ങൾക്ക് കാരണവും. അവിടെ അലയടിച്ച പ്രതിഷേധങ്ങളും തുടർന്ന് പ്രതിപക്ഷനേതാവടക്കം ഗവർണറെ കണ്ടതുമൊക്കെ ഈ വിഷയത്തിന്റെ ഗൗരവത്തെയാണ് ഓർമ്മപ്പെടുത്തുന്നത്.അവിസ്വാസപ്രമേയത്തിൽ വിജയിച്ചതിന്റെ തൊട്ടടുത്ത ദിവസംതന്നെ ഇത്തരത്തിലുള്ള ഒരു സംഭവത്തിന്റെ പേരിൽ പേര് ദോഷമുണ്ടായത് പ്രയാസകരമായി തോന്നാം.എന്തായാലും ഈ വിഷയം സർക്കാരിന്റെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്ന ഒരു അവസ്ഥയിലേക്ക് എത്തിയിരിക്കുന്ന പശ്ചാത്തലത്തിൽ സമഗ്ര അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ട് വരികതന്നെ വേണം.
ചീഫ് എഡിറ്റർ