| B U S I N E S S D E S K |
സി കെ ശ്രീജിത്ത്
സ്പോർട്ടി വാഹനങ്ങളുടെ ശ്രേണിയിൽ പുതു ചലനമുണ്ടാക്കിയ മഹിന്ദ്ര ഥാർന്റെ പുതിയ പതിപ്പ് നിരത്തുകളിൽ വമ്പൻ ഹിറ്റായി. സമീപകാലത്തൊന്നും വിപണിയിൽ ഇത്ര വലിയ ചലനം ഒരു വണ്ടിയും ഉണ്ടാക്കിയിട്ടില്ല എന്നിരിക്കെ സൂപ്പർ വമ്പന്റെ വില ഉയർത്താൻ തന്നെ കമ്പനി തീരുമാനിച്ചു.
അവതരിപ്പിച്ച് ഒരു മാസത്തി നുള്ളിൽ ബുക്കിങ്, കമ്പനിക്ക് താങ്ങാൻ പറ്റാത്ത അവസ്ഥയിൽ 20000 കവിഞ്ഞതോടെ മഹിന്ദ്രക്ക് കാര്യം പിടികിട്ടി.വില എത്ര ഉയർത്തിയാലും ഥാറിന്റെ പിന്നാലെ ഓടാൻ ആളുകൾ ഉണ്ടെന്ന്.ഉയർന്ന വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെങ്കിലും നിലവിൽ ബുക്കിംഗ് ഉള്ളവർക്ക് പഴയ വിലയിൽ വണ്ടി ലഭിക്കും.
ഒക്ടോബർ 2 നാണ് വാഹന പ്രിയന്മാരെ ഞെട്ടിച്ചുകൊണ്ട് ഥാറിന്റെ പുതിയ പതിപ്പ് മഹിന്ദ്ര അവതരിപ്പിച്ചത്.പഴയ വണ്ടിയിൽ ചെറിയ പരിഷ്കാരങ്ങൾ മാത്രം പ്രതീക്ഷിച്ച ആരാധകർ ഒരുവേള അമ്പരന്നു പോയി എന്നുതന്നെ പറയാം.വർണ്ണിക്കാൻ ആവാത്തത്ര മനോഹരമാ യിരുന്നു അവന്റെ തലയെടുപ്പ്.ഏതോ സ്വപ്നലോകത്തിലാണോ എന്നുതോന്നിപ്പിക്കുമാറ് ഭംഗി.സ്പോർട്ട്സ് യൂട്ടിലിറ്റി ലൂക്കിനൊപ്പം ആഡംബര കാറിന്റെ ഓമനത്തവും കൂടിയ മിക്സഡ് ഭംഗി വിപ്ലവമായിരുന്നു പുതിയ ഥാർ.
09.80 ലക്ഷത്തിൽ തുടങ്ങി 13.75 ലക്ഷം രൂപയിൽ അവസാനിക്കുന്ന വാരിയന്റിലായിരുന്നു ആദ്യ വില.നിരത്തിൽ താരമായതോടെ പഴയ വാരിയന്റിലുള്ള വിലനിലവാരം ഉൾക്കൊള്ളുന്ന വണ്ടിയുടെ ചിത്രങ്ങളും മറ്റും മഹീന്ദ്രയുടെ വെബ്സൈറ്റിൽ നിന്ന് നീക്കിയിരുന്നു. അപ്പോഴേ വില പരിഷ്കരണം എന്ന മണം പരന്നിരുന്നു.പേടിച്ചത് തന്നെ സംഭവിച്ചു.പുതുക്കിയ വില ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിലായി 11.90 ഉം 13.75 ലക്ഷവുമാണ് പുതുക്കിയ വില.
ബുക്ക് ചെയ്ത് ഏഴ് മാസം വരെയുള്ള കാത്തിരിപ്പ് അസഹനീയമാണെന്ന ആരാധകരുടെ അഭിപ്രായം മാനിച്ച് മഹിന്ദ്ര പ്രതിമാസ ഉൽപ്പാദനം 2000 ൽ നിന്ന് 3000 ആകുമെന്ന് അറിയിച്ചിട്ടുണ്ട്. സുരക്ഷ പരിശോധനയായ എൻ-ക്യാപ് ക്റാഷ് ടെസ്റ്റിൽ ഫോർ സ്റ്റാർ റേറ്റിംഗ് കൂടി ലഭിച്ചതോടെ ഇന്ത്യയിലെ ഏറ്റവും മികച്ച ഓഫ് റോഡ് വാഹനമെന്ന ബഹുമതിയുംലഭിച്ചു.
2.0 ലിറ്റർ എംസ്റ്റാലിൻ പെട്രോൾ,2.2 ലിറ്റർ ഏംഹോക്ക് ഡീസൽ എന്നിങ്ങനെയാണ് എൻജിൻ.പെട്രോളിന് 150 ബി എച് പി പവറും 320 എൻ എം ടോർക്കും,ഡീസലിന് 130 ബി എച് പി പവറും 300 എൻ എം ടോർക്കും ലഭിക്കും.മാനുവൽ വാരിയന്റിനൊപ്പം സിക്സ് സ്പീഡ് ഓട്ടോ ട്രാൻസ്മിഷനിലും ഥാർ ആരാധകർക്കായി മഹിന്ദ്ര ഒരുക്കിയിട്ടുണ്ട്.
photo courtesy: motoroids.com