breaking news

കേസിന്റെ രേഖകളും ദിലീപിന്റെ ഫോണിൽ : കോടതി ജീവനക്കാരിലേക്കും അന്വേഷണം,ഉടൻ ചോദ്യം ചെയ്‌തേക്കും

L A T E S T |

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട രേഖകൾ ചോർന്ന സംഭവത്തിൽ കോടതി ജീവനക്കാരിലേക്കും അന്വേഷണം വ്യാപിപ്പിച്ചേക്കും.

ദിലീപിന്റെ ഫോണിൽനിന്ന് നിർണായകമായ കോടതി രേഖകൾ വീണ്ടെടുത്ത പശ്ചാത്തലത്തിലാണ് നടപടി.കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം ഉടൻ വിചാരണക്കോടതിയുടെ അനുമതി തേടും.

ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയ ദിലീപിന്റെ ഫോണിൽനിന്ന് കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട കോടതി രേഖകൾ കണ്ടെത്തിയിരുന്നു.ഫോണിലെ വിവരങ്ങൾ നശിപ്പിക്കാൻ സഹായിച്ച സായ് ശങ്കറുടെ ഹാർഡ് ഡിസ്കിൽനിന്നും ഈ രേഖകൾ കണ്ടെടുത്തിരുന്നു.

ഈ രേഖകളെല്ലാം ദിലീപ് നിയമ വിരുദ്ധമായി സംഘടിപ്പിച്ചതാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.ഈ സാഹചര്യത്തിലാണ് വിലപ്പെട്ട രേഖകൾ ദിലീപിന്റെ ഫോണിൽ എങ്ങിനെയെത്തിയെന്ന് അന്വേഷണം നടത്തുന്നത്.

രേഖകൾ കൈവശപ്പെടുത്താൻ ദിലീപ് സ്വാധീനം ഉപയോഗിച്ചിട്ടുണ്ടോ, അഭിഭാഷകരും ജീവനക്കാരും തമ്മിലുള്ള ബന്ധം ദുരുപയോഗം ചെയ്തോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുക.ഇതിന്റെ ഭാഗമായാണ് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ അന്വേഷക സംഘം തീരുമാനിച്ചത്.