breaking news

ജീവിതത്തെ കഥാപാത്രങ്ങളിൽ ആവാഹിച്ച മഹാ നടൻ..അഭിനയകലയുടെ തമ്പുരാൻ

E D I T O R I A L |

നെടുമുടി വേണു അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു.. കഥാപാത്രങ്ങളിലൂടെ.

അരങ്ങിലയും അണിയറയിലും നിറഞ്ഞാടുമ്പോൾ നെടുമുടി വേണു എന്ന നടൻ അഭിനയിക്കുകയാണോ അതോ ജീവിക്കുകയാണോ എന്ന് സംശയം തോന്നിപ്പോകുന്ന ഭാവ പകർച്ച.

അഭിനയ ജീവിതത്തിലെ അഞ്ച് ദശകങ്ങളിൽ നിറഞ്ഞാടിയത് അഞ്ഞൂറിലധികൾ വേഷങ്ങൾ. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായ നെടുമുടി വേണു ഓർമ്മയായി.

ഒരേ സമയം നായകനായും വില്ലനായും സഹ നടനായും അപ്പൂപ്പനായും അമ്മാവനായും നിറഞ്ഞാടിയ നെടുമുടി വേണു എന്ന അപൂർവ പ്രതിഭ അഭിനയിച്ച എല്ലാ കഥാപാത്രങ്ങളിലൂടെയും ജീവിക്കുകയായിരുന്നു.

ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ അധ്യാപകനായ പി കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയമകനായി 1948 മെയ് 22നാണ് കെ വേണുഗോപാലൻ എന്ന നെടുമുടി വേണു ജനിച്ചത്.നെടുമുടിയിലെ എൻ എസ് എസ് ഹൈസ്ക്കൂൾ ,ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.

ചെറുപ്പ കാലം മുതൽ നാടകത്തോടും അഭിനയത്തോടും സാഹിത്യത്തോടും വായനയോടും അസാമാന്യ അടുപ്പം കാണിച്ച നെടുമുടി വേണു മികച്ച വായനക്കാരനും എഴുത്തുകാരനും ആയിരുന്നു.സ്കൂൾ പഠന കാലത്തു തന്നെ നാടകങ്ങൾ എഴുതി അവതരിപ്പിക്കുമായിരുന്നു.

ശബ്ദാനുകരണത്തിന് മിമിക്രി എന്നുപോലും പേര് ലഭിച്ചിട്ടില്ലാത്ത കാലത്ത് സ്കൂളിലും വീട്ടിലും ശബ്ദാനുകരണം നടത്തിയിരുന്നു.അച്ഛൻ വീട്ടിൽ നിന്നിറങ്ങിയ ഉടൻ അച്ഛന്റെ ചാര് കസേരയിൽ കയറിയിരുന്ന് അച്ഛനെ അനുകരിക്കുന്ന ഒരു കാലം ഒരിക്കൽ ഒരു അഭിമുഖത്തിൽ നെടുമുടി വേണു പറഞ്ഞിട്ടുണ്ട്. അമ്മയെയും മക്കളിൽ ഇളയവനായിട്ടും ഏട്ടന്മാരെയടക്കം അച്ഛന്റെ ശബ്ദത്തിൽ പേര് വിളിച്ച് അനുകരിച്ചിരുന്ന ഒരു കാലം.

ആലപ്പുഴ എസ് ഡി കോളേജിൽ നിന്ന് ബിരുദമെടുത്ത ശേഷം കലാകൗമുദിയിൽ പത്രപ്രവർത്തകനായി.അധ്യാപകനായും ജോലിനോക്കി.കലയെ എന്നും സ്നേഹിച്ച നെടുമുടി വേണു അമേച്ചർ, പ്രൊഫഷണൽ നാടകങ്ങളിലെ സ്ഥിര സാന്നിധ്യമായി.ഒരു സുന്ദരിയുടെ കഥ എന്ന സിനിമയിൽ ആദ്യമായി മുഖം കാണിച്ചു.

തിരുവന്തപുരത്തേക്ക് താമസം മാറ്റുകയും കൂടുതൽ ചലച്ചിത്ര പ്രവർത്തകരുമായി ബന്ധം തുടങ്ങിയത് ചലച്ചിത്ര ജീവിതത്തിലെ വഴിത്തിരിവായി.അരവിന്ദൻ ,പത്മരാജൻ,ഭരതൻ തുടങ്ങിയ സംവിധായകന്മാരുമായുള്ള അടുപ്പം നെടുമുടി വേണു എന്ന നടന്റെ താരോദയമായിരുന്നു.1978 ൽ അരവിന്ദന്റെ തമ്പ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്‌തെങ്കിലും ഭരതന്റെ ആരവം എന്ന സിനിമ നെടുമുടിയിലെ നടനെ മലയാളത്തിന് സുപരിചിതനാക്കി.

പത്മരാജൻ സംവിധാനം ചെയ്ത ഒരിടത്തൊരു ഫയൽവാൻ എന്ന സിനിമയിലൂടെ നായക -സഹ നടനിൽനിന്ന് കാരണവർ വേഷങ്ങളിലേക്കുള്ള വേഷ പകർച്ചയുടെ തുടക്കമായിരുന്നു. വേഷപ്പകർച്ചയും സംഭാഷണ ശകലങ്ങളിലെ ചടുലതയിലൂടെയും ശരീര ഭാഷയിലെ തന്മയത്വത്തിലൂടെയും ആസ്വാദക ഹൃദയങ്ങളിൽ മഹാ നടൻ ചേക്കേറിയത് എളുപ്പമായിരുന്നു.ആദ്യ കാലത്ത് ടെലിവിഷൻ പാരമ്പരകളിലും അഭിനയിച്ചിരുന്നു.

നാടകക്കളരികളിലെ അനുഭവസമ്പത്ത് അനായാസമായ അഭിനയ ശൈലിയുടെ ഉടമയാക്കി മാറ്റി അദ്ദേഹത്തെ.ഗൗരവമുള്ള കഥാപാത്രങ്ങൾ മുതൽ ഹാസ്യ രസമുള്ള കഥാപാത്രങ്ങളെ വരെ അനായാസം അവതരിപ്പിക്കാൻ നെടുമുടി വേണുവിനുള്ള കഴിവ് അപാരമായിരുന്നു.തനതു നാടക പാട്ടുകളും നാടൻ ശീലുകളും കവിതയും സംഗീതവും വാദ്യ മേളങ്ങളുംകൊണ്ട് അനുഗ്രഹിക്കപ്പെട്ട അപൂർവ പ്രതിഭാശാലിയായിരുന്നു നെടുമുടി വേണു എന്ന അമൂല്യ പ്രതിഭ.

അപ്പുണ്ണി ,പാളങ്ങൾ ,ചാമരം,തകര,കള്ളൻ പവിത്രൻ,മംഗളം നേരുന്നു,കോലങ്ങൾ ,ചില്ല്,യവനിക,കേളി,വാരിക്കുഴി,പരസ്പരം, സർഗം,പഞ്ചവടിപ്പാലം,കേളി,അക്കരെ,,അടിവേരുകൾ ,സുഖമോ ദേവി,ചിലമ്പ്,അരപ്പട്ട ഗ്രാമത്തിൽ,ഒരിടത്ത്,ആരണ്യകം,പെരുംതച്ചൻ , ധ്വനി,ചിത്രം,വന്ദനം,തേന്മാവിൻകൊമ്പത്ത് ,ആരണ്യകം,ഭരതം, താളവട്ടം,ഹിസ് ഹൈനസ് അബ്ദുള്ള ,ഡോക്ടർ പശുപതി,അങ്കിൾ ബൺ ,സൂര്യഗായത്രി,വിയറ്റ്നാം കോളനി,സവിധം,മായാമയൂരം, ദേവാസുരം.നന്ദിനി ഓപ്പോൾ,ശ്രീരാഗം,സ്പടികം,ദേവരാഗം, ഗുരു,ചുരം,കില്ലാഡി,ഹരികൃഷ്ണൻസ്,മേഘം,ഇഷ്ടം,കാക്കകുയിൽ,തിളക്കം തുടങ്ങിയ അഭിനയിച്ച എല്ലാ സിനിമകളിലും നിറഞ്ഞാടി.. ജനഹൃദയങ്ങളിൽ കുടിയേറിയ കഥാപാത്രങ്ങളായിരുന്നു നെടുമുടി വേണു എന്ന അമൂല്യ പ്രതിഭയുടേത്.മഹാ നടന് ആദരാജ്ഞലികൾ..