breaking news

“കായൽക്കരയിൽ തനിച്ചു വന്നത് കാണാൻ..നിന്നെ കാണാൻ” ഏകാന്തതയെ വാചാലനാക്കിയ പാട്ടുകാരൻ

സി കെ ശ്രീജിത്ത്

ഏകാന്തതതയിലും തന്റേതായ ലോകം സൃഷ്ടിക്കാൻ കഴിവുള്ള ഗാനരചയിതാവായിരുന്നു പൂവച്ചൽ ഖാദർ.

ഏത് ആൾക്കൂട്ടത്തിനിടയിലും പാട്ടെഴുതാൻ കഴിയുന്ന അപൂർവ പ്രതിഭാശാലിയായിരുന്നു ഇന്നലെ അന്തരിച്ച കവിയും ഗാന രചയിതാവുമായ പൂവച്ചൽ ഖാദർ.

വരികളിലൂടെ കാഴ്ചകൾ സമ്മാനിക്കാൻ ശേഷിയുള്ള അപൂർവ സുന്ദര ഗാനങ്ങളായിരുന്നു പൂവച്ചൽ ഖാദറിന്റെ വരികൾ. ആകാശവാണിയിലൂടെ കേൾക്കുന്ന പാട്ടിലൂടെ കാഴ്ചകൾ മനസ്സിൽ കാണാനാകും അദ്ദേഹത്തിന്റെ വരികളുടെ മനോഹാരിതയിലൂടെ കഴിയുമായിരുന്നു. അത്രമേൽ കാല്പനികത നിറഞ്ഞ സുന്ദര കാവ്യ സാഹിത്യ ങ്ങളായിരുന്നു പൂവച്ചൽ ഖാദറിന്റെ തൂലികത്തുമ്പിൽ നിന്ന് പിറന്നു വീണത്.

ശരറാന്തൽ തിരി താണു,ചിത്തിരത്തോണിയിൽ അക്കരെപ്പോകാൻ, നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ,ആദ്യ സമാഗമ ലജ്ജയിൽ, ഏതോ ജന്മ കൽപ്പനയിൽ.അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ,നീയെന്റെ പ്രാർത്ഥന കേട്ടു,മൗനമേ നിറയും മൗനമേ.. തുടങ്ങിയ മലയാള സിനിമയിലെ എക്കാലത്തെയും ശ്രദ്ധേയമായ ഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ചു.

ചിത്തിരത്തോണിയിൽ അക്കരെപ്പോകാൻ എത്തിടാമോ പെണ്ണേ…ശരറാന്തൽ തിരി താണു മുകിലിൻ കുടിലിൽ മൂവന്തിപ്പെന്നുറങ്ങാൻ കിടന്നു… തുടങ്ങിയ ചലച്ചിത്ര ഗാനങ്ങൾ ആസ്വാദകന്റെ ഭാവനയിൽ വരച്ചിട്ട ചിത്രങ്ങളായിരുന്നു ഒരു കാലത്ത്.സിനിമ കാണാതെ തന്നെ ഏതൊരു സാധാരണക്കാരന്റെ മനസിലും ദൃശ്യങ്ങൾ ആവിഷ്കരിക്കാൻ ശേഷിയുള്ള അപൂർവ സാഹിത്യങ്ങളായിരുന്നു അദ്ദേഹത്തിന്റെ വരികളിൽ.

ഈണം മനസ്സിൽ പതിഞ്ഞു കഴിഞ്ഞാൽ ഏകാന്തതയിലേക്ക് ഉൾവലിയുന്നതാണ് തന്റെ രീതിയെന്നും,അതോടെ ഏത് ബഹളത്തിനിടയിലും തന്റെ ഭാവനയും താനും മാത്രമുള്ള ഒരു ലോകം സൃഷ്ടിക്കപ്പെടുമെന്നും പ്രിയപ്പെട്ട പാട്ടെഴുത്ത്കാരൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

1970-80 കാലഘട്ടത്തിലെ മലയാള സിനിമയുടെ ഏറ്റവും വശ്യമാർന്ന പ്രണയഗാനങ്ങൾ പൂത്തുലഞ്ഞ വർഷങ്ങൾ മലയാളത്തിന് സമ്മാനിച്ചത് പൂവച്ചൽ ഖാദറായിരുന്നു എന്ന് നിസംശയം പറയാം.

1979ൽ പുറത്തിറങ്ങിയ കായലും കയറും എന്ന സിനിമയിലെ “ശരറാന്തൽ തിരി താണു മുകിലിൻകുടിലിൽ മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നു ” എന്ന ഗാനം ജീവിതത്തിലെ വഴിത്തിരിവായിരുന്നു എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.ചിത്തിരത്തോണിയിൽ അക്കരെപ്പോകാൻ എത്തിടാമോ പെണ്ണേ..ചിറയിൻ കീഴിലെ പെണ്ണെ എന്ന ഗാനവും യേശുദാസിലൂടെ മലയാളത്തിന്റെ മനം കവർന്നു.

ഭാവനയുടെ അപൂർവ തലങ്ങളെ വരികളാക്കുന്ന ഖാദറിന്റെ അസാമാന്യ പ്രതിഭയുടെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു അദ്ദേഹത്തിന്റെ സങ്കൽപ്പങ്ങൾ.ചിത്തിരത്തോണിയിൽ പാട്ടിൽ വരുന്ന “ചിരിയിൽ ചിലങ്ക കെട്ടിയ പെണ്ണെ” എന്ന സാഹിത്യത്തെ കുറിച്ച് ഒരിക്കൽ ചിത്രകാരൻ ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ പറഞ്ഞിട്ടുണ്ട്.ഒരുപാട് പെണ്ണിന്റെ ചിത്രങ്ങൾ വരച്ചിട്ടുണ്ടെന്നും ചിരിയിൽ ചിലങ്ക കെട്ടിയ പെണ്ണിനെ ഇതുവരെ കണ്ടിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

കാറ്റ് വിതച്ചവൻ എന്ന 1973ൽ പുറത്തിറങ്ങിയ സിനിമയിലെ “നീയെന്റെ പ്രാർത്ഥന കേട്ടു, നീയെന്റെ മാനസം കണ്ടു” എന്ന പീറ്റർ റൂബന്റെ സംഗീതത്തിലുള്ള മറിയ ഷൈല പാടിയ ക്രിസ്തീയ ഭക്തി ഗാനം കേവലമായ ഭക്തിഗാനത്തിനപ്പുറം ജനകീയമായി മാറിയ കാലമായിരുന്നു അത്.

കാല്പനികതയിൽ പൂത്തുലഞ്ഞ പ്രണയ ഗാനങ്ങളുടെ രചയിതാവായ പൂവച്ചൽ ഖാദർ ഏത് കാലഘട്ടത്തിലും അനുയോജ്യമായ പാട്ടുകൾക്കായി അപ്ഡേറ്റ് ചെയ്യപ്പെട്ട എഴുത്തുകാരനായിരുന്നു.ഏതോ ജന്മ കൽപ്പനയിൽ,സിന്ദൂര സന്ധ്യയ്ക്ക് മൗനം,രാജീവൻ വിടരും നിൻ മിഴികൾ,
മന്ദാര ചെപ്പുണ്ടോ,പൂമാനമേ,പോൺ വീണേ,കിളിയെ കിളിയെ, കായൽ കരയിൽ തനിച്ചു വന്നത് കാണാൻ നിന്നെ കാണാൻ തുടങ്ങിയ എഴുതിയ എല്ലാ പാട്ടുകളും ഹിറ്റാക്കിയ പ്രതിഭയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ പാട്ടുകൾക് ഏറ്റവും കൂടുതൽ ഈണം നൽകിയത് എ ടി ഉമ്മർ ആയിരുന്നു.എന്നാൽ ആ കൂട്ടുകെട്ടിനപ്പുറം ഹിറ്റുകൾ പിറന്നതിൽ പങ്കാളികളായി ശ്യാം,രവീന്ദ്രൻ,ജോൺസൻ എന്നിവരും. അന്നും ഇന്നും എന്നും ആകാശവാണിയിലെ പാട്ടു കൂട്ടുകളിലെ പേരുകളായിരുന്നു പൂവച്ചൽ ഖാദറിനൊപ്പം ഇവരെല്ലാം.

എഞ്ചിനീയറിംഗ് പഠിച്ച് സിനിമ പാട്ടെഴുത്തിലേക്ക് സധൈര്യം കാലെടുത്തുവച്ച ആ മഹാ പ്രതിഭാശാലിയുടെ തീരുമാനം മലയാള സാഹിത്യത്തിന് ലഭിച്ച അനുഗ്രഹമായിരിക്കണം ഒരുപക്ഷെ. അല്ലെങ്കിൽ ആ ഒരു കാലഘട്ടത്തിൽ ലഭ്യമായ എഞ്ചിനീയർ എന്ന ഗ്ലാമർ പദവി ഉപേക്ഷിച്ചില്ലായിരുന്നെങ്കിൽ അത് മലയാളത്തിന് വലിയ നഷ്ടമായേനെ.

| R E A D M O R E . . .