breaking news

വിടവാങ്ങി,കനൽ വഴികൾ താണ്ടിയ വിപ്ലവനായിക

തിരുവനന്തപുരം: വിപ്ലവ നായിക കെ ആർ ഗൗരിയമ്മ അന്തരിച്ചു.101 വയസായിരുന്നു.തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇടയ്ക്ക് ആരോഗ്യം മെച്ചപ്പെട്ടതിനെ തുടർന്ന് മുറിയിലേക്കു മാറ്റിയിരുന്നെങ്കിലും വീണ്ടും തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

കനൽ വഴികളിലൂടെ കടന്നുപോയ വിപ്ലവ നായികയായിരുന്നു ഗൗരിയമ്മ.ത്യാഗങ്ങൾ മാത്രം സഹിച്ച പഴയ കമ്മ്യൂണിസ്റ്റ്കാരി ഇനി ചരിത്രത്തിൽ ജ്വലിക്കുന്ന ഓർമയായി നിലനിൽക്കും.

വിപ്ലവ പ്രസ്ഥാനത്തിന്റെ പടനിലങ്ങളിൽ ചരിത്രം തിരുത്തിക്കുറിച്ച,സാധാരണക്കാരുടെയും കർഷകന്റെയും ഉന്നമനത്തിനായി ഒരു ജീവിതകാലം ഉഴിഞ്ഞുവെച്ച കേരള രാഷ്ട്രീയത്തിലെ പെൺ കരുത്തായിരുന്നു.

കടുത്ത പനീയും ശ്വാസ തടസവുമായി കഴിഞ്ഞ ആഴ്ചയാണ് അവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗൗരിയമ്മയ്ക്ക് കോവിഡ് ഇല്ലെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിരുന്നു.ശനിയാഴ്ച അവർ മരുന്നുകളോട് പ്രതികരിച്ചിരുന്നെങ്കിലും ഞായറാഴ്ച ഉച്ചയോടെ നില വഷളാവുകയും ആന്തരികാവയവങ്ങളിൽ അണുബാധ ഉണ്ടാവുകയും മരുന്നുകളോട് പ്രതികരിക്കാതെ മരണം സംഭവിക്കുകയുമായിരുന്നു.

കേരളാ രാഷ്ട്രീയത്തിന്റെ പെൺ ശബ്ദമായും കമ്മ്യൂണിസത്തിനും പുരോഗമന പ്രസ്ഥാനങ്ങൾക്കും വേണ്ടി ത്യാഗപൂർണ്ണമായ ജീവിതം നയിക്കുകയും ചെയ്ത ഗൗരിയമ്മയുടെ വിടവാങ്ങലിലൂടെ  ഒരു കാലഘട്ടത്തിന്റെ ചരിത്ര സ്മരണകൾക്ക് അന്ത്യം കുറിക്കുകയാണ്.കമ്യൂണിസത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച ആ ജീവിതം ത്യാഗോജ്വലം തന്നെയായിരുന്നു എന്ന്  വിസ്മരിക്കാൻ പറ്റാത്ത ചരിത്ര രേഖകളായി ഓരോ കമ്മ്യൂണിസ്റ്റുകാരന്റെയും മനസ്സിൽ കുറിച്ചിവെച്ചിട്ടുണ്ട്.

1957 ലെ ഐക്യ കേരളാ സംസ്ഥാന രൂപീകരണ ശേഷം ഇ എം എസ് ന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന ആദ്യ കമ്മ്യൂണിസ്റ്റ്  മന്ത്രിസഭയിലെ അംഗമായിരുന്ന മുതിർന്ന നേതാവായിരുന്നു ഗൗരിയമ്മ.1919 ജൂലൈ 14 നായിരുന്നു ജനനം.1957,1960ലും കേരളാ നിയമസഭയിൽ ചേർത്തലയിൽനിന്നുള്ള അംഗമായി.1965 മുതൽ 1977 വരെയും 1980 മുതൽ 2006 വരെയും ആലപ്പുഴ അരൂരിൽനിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

ചേർത്തല താലൂക്കിലെ പട്ടണക്കാട് അന്ധകാരനഴി  ഗ്രാമത്തിൽ കളത്തിപറമ്പിൽ കെ എ രാമന്റെയും പാർവ്വതി അമ്മയുടെയും മകളായി ജനനം.തിരൂർ,ചേർത്തല എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം എറണാകുളം മ ഹാരാജാസ്‌ കോളേജിൽനിന്ന് ബിരുദവും  തിരുവനന്തപുരം ലോ കോളേജിൽനിന്ന് നിയമ ബിരുദവും നേടി.

ഗൗരിയമ്മ എന്ന വിപ്ലവം ഉള്ളിലുറങ്ങിയ കമ്മ്യൂണിസ്റ്റ്കാരി യുടെ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു ജേഷ്ഠ സഹോദരൻ സുകുമാരന്റെ കൂടെയുള്ള രാഷ്ട്രീയ പ്രവർത്തനം.വിദ്യാർത്ഥി രഷ്ട്രീയത്തിലൂടെയായിരുന്ന് അത്.അവരുടെ രാഷ്ട്രീയ പ്രവർത്തനം ചെന്നെത്തിയത് ലോകത്ത് ആദ്യമായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമാവുന്നിടത്താണ്.1957 ൽ തന്നെ അതെ മന്ത്രിസഭയിൽ അംഗമായിരുന്ന ടി വി തോമസുമായുള്ള ഗൗരിയമ്മയുടെ വിവാഹം നടന്നു.എന്നാൽ 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളർന്നപ്പോൾ തോമസ് സി പി ഐ യിലും ഗൗരിയമ്മ സിപിഎമ്മിലും നിലകൊണ്ടു.

കേരള കർഷക സംഘം, മഹിളാ സംഘം,സിപിഎം സംസ്ഥാന സെക്രെട്ടറിയേറ്റ് അംഗം, മന്ത്രി എന്നി നിലകളിൽ തിളങ്ങിയായ വ്യക്തിത്വമായിരുന്ന ഗൗരിയമ്മ പല കാരണങ്ങളാൽ  പാർട്ടിയോട് പിണങ്ങിയതും പിന്നീട് പാർട്ടി വിട്ടതും മറ്റൊരു ചരിത്രമായി മാറി.1994ൽ സിപിഎം ഗൗരിയമ്മയെ പാർട്ടിയിൽനിന്ന് പുറത്താക്കി.ആ കാലത്ത് അത് പലർക്കും അവിശ്വസനീയമായ വാർത്തയായിരുന്നു.1994ൽ തന്നെ ജനാധിപത്യ സംരക്ഷണ സമിതി( ജെ എസ് എസ് ) എന്ന പാർട്ടി രൂപീകരിച്ച് അതിന്റെ ജനറൽ സെക്രെട്ടറിയായി.1994ൽ തന്നെ യു ഡി എഫിന്റെ ഘടക കക്ഷിയായി  ഗൗരിയമ്മ ഒരേ സമയം കമ്മ്യൂണിസ്റ്റ് കേരളത്തെയും യു ഡി എഫിനെപ്പോലും  അമ്പരപ്പിച്ചു.യു ഡി എഫ് തട്ടകങ്ങളിലും ഗൗരിയമ്മ മന്ത്രിയായി കഴിവ് തെളിയിച്ചു.വീണ്ടും കമ്മ്യൂണിസ്റ്റ് പാർട്ടിയോട് അടുക്കുന്ന ഗൗരിയമ്മയുടെ വേറിട്ട മുഖമാണ് കേരള ജനത കണ്ടത്.