breaking news

ഇരിട്ടി പുതിയ പാലം നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക്; സ്പാനിന്റെ ഉപരിതല വാര്‍പ്പ് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി

REGIONAL DESK

ഇരിട്ടി : ഇരിട്ടി പുതിയ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി അവസാന ഘട്ടത്തിലേക്ക്. ശേഷിക്കുന്ന മദ്ധ്യഭാഗത്തെ സ്പാനിന്റെ ഉപരിതല വാര്‍പ്പിന്റെ ഒന്നാം ഘട്ടം തിങ്കളാഴ്ച പൂര്‍ത്തിയാക്കി . 144 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയും വരുന്ന പാലത്തിന്റെ ഇരു ഭാഗത്തെയും 48 മീറ്റര്‍ വീതം വരുന്ന സ്പാനുകളുടെ വാര്‍പ്പ് ലോക്ക് ഡൗണിന് മുന്‍പ് പൂര്‍ത്തിയായിരുന്നു. ശേഷിക്കുന്ന 48 മീറ്റര്‍ വരുന്ന അടിത്തട്ടിന്റെയും ഉള്‍വശത്തേയും വാര്‍പ്പാണ് തിങ്കളാഴ്ച പൂര്‍ത്തിയാക്കിയത്. ഇതിനായി 80 ടണ്‍ കമ്പിയും 180 എം ക്യൂബ് വാര്‍പ്പും വേണ്ടിവന്നു. 10 ദിവസം കഴിയുമ്പോള്‍ സ്ലാബ്, നടപ്പാത ഉള്‍പ്പെടെയുള്ള ഉപരിതല വാര്‍പ്പും നടത്തും. കൈവരി, അപ്രോച്ച് റോഡ്, ടാറിംങ്ങ് എന്നിവയടക്കം മുഴുവന്‍ പണികളും നവംബര്‍ 30 നകം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം
.
തലശ്ശേരി – വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ഇരിട്ടിപ്പുഴയില്‍ പഴയ പാലത്തിന് സമാന്തരമായാണ് പുതിയ പാലം പണിയുന്നത്. തുടങ്ങി 4 വര്‍ഷമായ പാലം പണിക്കിടെ നിരവധി പ്രതിബന്ധങ്ങളാണ് ഉണ്ടായത് . 2017 ആഗസ്റ്റിലെ വെള്ളപൊക്കത്തില്‍ നേരത്തെ നിര്‍മിച്ച പൈല്‍ ഒഴുകി പോയിരുന്നു. ഇത് വലിയ വിവാദവും ആശങ്കയും സൃഷ്ടിച്ചു. തുടര്‍ന്ന് വന്ന കാലവര്‍ഷവും നിര്‍മ്മാണപ്രവര്‍ത്തി തടസ്സപ്പെടുത്തി. രാജ്യത്തെ നാലു പ്രമുഖ പാലം നിര്‍മാണ വിദഗ്ധര്‍ സന്ദര്‍ശിച്ച് പൈലുകളുടെ ആഴവും എണ്ണവും വര്‍ധിപ്പിച്ചുമാണ് പണികള്‍ നടത്തിയത്. ഒടുവില്‍ നാലു മാസം മുന്‍പ് പൂര്‍ത്തിയാവേണ്ടിയിരുന്ന പാലം കൊറോണാ വ്യാപനം മൂലമുണ്ടായ ലോക്ക് ഡൗണ്‍ കാരണം വീണ്ടും നീണ്ടുപോവുകയായിരുന്നു.

കെഎസ് ടിപി അസി.എക്‌സിക്യട്ടീവ് എന്‍ജിനിയര്‍ ഷീല ചോറന്‍, അസി.എന്‍ജിനിയര്‍ കെ.വി. സതീശന്‍, കണ്‍സല്‍ട്ടന്‍സി കമ്പിനി റിസഡന്റ് എന്‍ജിനിയര്‍ പി.എന്‍. ശശികുമാര്‍, ബ്രിഡ്ജസ് എന്‍ജിനിയര്‍ കെ.കെ. രാജേഷ്, ഇ കെ കെ കമ്പിനി പ്രതിനിധി ശിവദാസ് എന്നിവര്‍ തിങ്കളാഴ്ച നടന്ന കോണ്‍ക്രീറ്റ് പണികള്‍ക്ക് നേതൃത്വം നല്‍കി. ഇരിട്ടി ഉള്‍പ്പെടെ 7 പുതിയ പാലങ്ങളുമായി 366 കോടി രൂപ ചെലവിലാണ് തലശ്ശേരി – വളവുപാറ റോഡ് നവീകരിക്കുന്നത്.