breaking news

‘അന്നം അമൃതം’ പദ്ധതിക്ക് മികച്ച പ്രതികരണം, മട്ടന്നൂർ ലയൺസ്‌ ക്ലബ് പ്രവർത്തനങ്ങൾ ശ്രദ്ധേയം

R E G I O N A L D E S K |

കണ്ണുർ: ലയൺസ്‌ ക്ലബ് നടപ്പാക്കുന്ന ‘അന്നം അമൃതം ‘ പദ്ധതി ശ്രദ്ധേയമാകുന്നു.നിലവിലെ ഇന്റർനാഷണൽ പ്രസിഡണ്ട് ഡഗ്ലസ് അലക്‌സാണ്ടറിന്റെ ജന്മദിന വാരത്തോടനുബന്ധിച്ച് ആഗോളതലത്തിൽ നടപ്പാക്കുന്ന അന്നദാന സേവന പദ്ധതിയാണ് സംസ്ഥാനത്തും മികച്ച പ്രതികരണം നൽകുന്നത്.

ഒക്ടോബർ 10 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ വിവിധ പരിപാടികൾ ക്ലബ്ബുകൾ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ തുടങ്ങി.വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള ഭക്ഷ്യകിറ്റ് വിതരണം മുതൽ തെരുവിൽ അലഞ്ഞു നടക്കുന്നവർക്കും ആദിവാസി കോളനിയിലും വരെ സേവന പ്രവർത്തനങ്ങൾ നടത്തി മാതൃകയാവുകയാണ് ലയൺസ്‌ പ്രസ്ഥാനം.

കൃത്യമായ ആസൂത്രണത്തോട്കൂടി അർഹരായവരുടെ കൈകളിലേക്ക് അന്നം എത്തിക്കുന്നു എന്നതാണ് പദ്ധതിയുടെ പ്രത്യേകതയെന്ന് ലയൺസ്‌ വക്താക്കൾ അറിയിച്ചു.കോവിഡ് പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന ആളുകളെയും കോളനികളെയും കണ്ടെത്തിയാണ് പരിപാടി മുന്നേറുന്നത്.അർഹരായവരെ കണ്ടെത്തുന്നതിന് സാമൂഹ്യ പ്രവർത്തകരുടെയും സഹായം ലഭ്യമാക്കുന്നുണ്ട്.

പദ്ധതി നടപ്പാക്കുന്നതിൽ മട്ടന്നൂർ ലയൺസ്‌ ക്ലബ് നടത്തുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമായി.മട്ടന്നൂർ കൊളാരിയിലെ സച്ചിദാനന്ദ ബാലാമന്ദിരം ,ഇരിട്ടി മാടത്തിൽ പ്രവർത്തിക്കുന്ന മെറിലാക് അഗതി മന്ദിരം,ചാവശ്ശേരി ആവട്ടിയിലെ കോളനി എന്നിവിടങ്ങളിൽ ഭക്ഷ്യ കിറ്റുകളും ഭക്ഷണ വിതരണവും നടത്തിയതായി ഭാരവാഹികൾ അറിയിച്ചു.പാവപ്പെട്ട കുടുംബങ്ങൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണവും ഇതിനകം നടന്നു കഴിഞ്ഞു.

വരും ദിവസങ്ങളിൽ തില്ലങ്കേരി ആദിവാസി കോളനിയിലും മേഖലയിലെ അഗതി മന്ദിരങ്ങളിലും പദ്ധതി നടപ്പിലാക്കുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.