breaking news

കോവിഡ് വാക്‌സിനേഷന് മട്ടന്നൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വൻ തിരക്ക്

മട്ടന്നൂർ: മേഖലയിലെ ഏക കോവിഡ് വാക്‌സിനേഷൻ കേന്ദ്രമായ മട്ടന്നൂർ സി എച് സി യിൽ വൻ തിരക്കനുഭവപ്പെടുന്നു.

വാക്‌സിനേഷൻ ആദ്യഘട്ടം മുതൽ മട്ടന്നൂരിൽ വലിയ തിരക്ക് അനുഭവപ്പെട്ടതായി അധികൃതർ തന്നെ ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നു.രണ്ടാം ഘട്ട വാക്‌സിനേഷൻ കൂടി തുടങ്ങിയതോടെയാണ് തിരക്ക് നിയന്ത്രണ വിധേയമല്ലാതായത്. ഒരുദിവസം 200 മുതൽ 250 ഡോസുവരെ ആദ്യഘട്ടത്തിലും ഇപ്പോഴും വാക്‌സിനേഷൻ ഈ കേന്ദ്രത്തിൽ നടക്കുന്നുണ്ട്.

ജന ബാഹുല്യമുള്ള പ്രദേശമായിട്ടും മറ്റ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഇവിടെ ഇല്ലാത്തതാണ് പ്രശ്നമെന്ന് വിലയിരുത്തപ്പെടുന്നു.സംസ്ഥാന – കേന്ദ്ര ആരോഗ്യമന്ത്രാലയങ്ങൾ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ മറ്റൊരു വാക്‌സിനേഷൻ കേന്ദ്രം കൂടി തുറക്കുന്നതിന് പ്രയാസങ്ങൾ ഉണ്ട്. കാത്തിരിപ്പ് കേന്ദ്രം മുതൽ കുത്തിവെപ്പിനും തുടർന്ന് നിരീക്ഷണത്തിനും സൗകര്യങ്ങൾ വേണം.ഡോക്ടർമാരുടെയുംമറ്റ് ആരോഗ്യപ്രവർത്തകരുടെയും സേവനവും ആവശ്യമാണ്.

മുതിർന്ന പൗരന്മാർ മുതൽ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടാൻ സാധ്യതയുള്ള ഉദ്യോഗസ്ഥർവരെ ദിനംപ്രതി കുത്തിവെപ്പിനായി എത്തിപ്പെടുന്നതാണ് തിരക്ക് വർധിക്കാൻ കാരണം.മുതിർന്ന പൗരന്മാർക്കും മറ്റ് അസുഖങ്ങൾ ഉള്ള 45 വയസിന് മുകളിലുള്ളവർക്കുമുള്ള വാക്‌സിനേഷന്റെ ആദ്യഘട്ടത്തിൽ കാര്യങ്ങൾ കൃത്യമായി നടന്നിരുന്നു.എന്നാൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൂടി എത്താൻ തുടങ്ങിയതോടെയാണ് വലിയ തിരക്ക് അനുഭവപ്പെടാൻ തുടങ്ങിയത്.

രജിസ്റ്റർ ചെയ്ത് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എവിടെയും കുത്തിവെയ്പ്പ് നടത്താമെന്ന വ്യവസ്ഥ ഉള്ളതിനാൽ ഇവിടെ എത്തിപ്പെടുന്ന എല്ലാവർക്കും വാക്‌സിനേഷൻ കൊടുക്കേണ്ടതുമുണ്ട്. മുതിർന്ന പൗരന്മാർ, മറ്റ് അസുഖങ്ങൾ ഉള്ളവർ ,തിരഞ്ഞടുപ്പ് ഉദ്യോഗസ്ഥർ,രജിസ്റ്റർ ചെയ്ത് എത്തുന്ന ആളുകൾ എന്നിവർക്ക് കൃത്യമായ ആസൂത്രണത്തോടെയാണ് വാക്‌സിനേഷൻ കേന്ദ്രത്തിൽ കുത്തിവെയ്പ്പ് നടക്കുന്നതെങ്കിലും എത്തുന്നവരുടെ ബാഹുല്യം കാരണം പലപ്പോഴും താളം തെറ്റുന്നതായാണ് ആക്ഷേപം.

രജിസ്റ്റർ ചെയ്ത് എത്തുന്നവർക്ക് പുറമെ നഗരസഭാ വാർഡുകളിൽ പ്രവർത്തിക്കുന്ന 37 ആശാ പ്രവർത്തകർ വഴിയും വാക്‌സിൻ സ്വീകരിക്കാനായി ആളുകൾ എത്തുന്നുണ്ട്.കൂടാതെ ജന സാന്ദ്രതയുള്ള വാർഡുകളിൽനിന്ന് കൗൺസിലർമാരുടെ സഹായത്തോടെ എത്തുന്നവരും ഉണ്ട്.

മട്ടന്നൂരിലെ സാമൂഹികാരോഗ്യകേന്ദ്രത്തിൽ കൃത്യമായ രേഖകളോടെ,നിഷ്കർഷിക്കുന്ന സമയത്ത് എത്തിപ്പെടുന്ന മുഴുവൻ ആളുകൾക്കും വാക്‌സിൻ നൽകാനുള്ള സന്നദ്ധത ഇവിടത്തെ ആരോഗ്യപ്രവർത്തകർക്കുണ്ട്.എന്നാൽ ആളുകളുടെ ബാഹുല്യം പരിഗണിച്ച് ഒരു കേന്ദ്രംകൂടി മേഖലയിൽ അനുവദിച്ചാൽ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.