breaking news

പതിമൂന്നാം നമ്പർ കാർ മന്ത്രി പ്രസാദിന്, മന്ത്രി ആന്റണി രാജുവിന് മൻ മോഹൻ ബംഗ്ലാവ്

SPECIAL CORRESPONDENT

തിരുവനന്തപുരം :പതിമൂന്നാം നമ്പർ കാറും മൻമോഹൻ ബംഗ്ലാവും ഏറ്റെടുക്കാൻ ചങ്കൂറ്റത്തോടെ മന്ത്രിമാർ തയ്യാർ.പതിമൂന്നാം നമ്പർ കാർ കൃഷി മന്ത്രി പി പ്രസാദും, മൻ മോഹൻ ബംഗ്ലാവ് ഗതാഗത മന്ത്രി ആന്റണി രാജുവും ഏറ്റെടുക്കും.

ഏത് സർക്കാരും അധികാരത്തിലെത്തുമ്പോഴും, പതിമൂന്നാം നമ്പർ കാറും മൻമോഹൻ ബംഗ്ലാവും പ്രഹേളികകളായ വിശ്വാസങ്ങളുടെ പേരിൽ ഏറ്റെടുക്കാൻ ചില മന്ത്രിമാർ വിമുഖത കാണിക്കാറുണ്ടായിരുന്നു.

13 ഭാഗ്യ നമ്പറല്ല എന്നത് പൊതുവെയുള്ള ഒരു വിശ്വാസമാണെങ്കിലും മൻമോഹൻ ബംഗ്ലാവിനെക്കുറിച്ചുള്ള വായ്ത്താരി പഴക്കമുള്ളതാണ്.മൻമോഹൻ ബംഗ്ലാവിൽ താമസിക്കുന്ന മന്ത്രിമാർ വാഴില്ല എന്ന വിശ്വാസമാണ് പല മന്ത്രിമാരെയും പിന്നോട്ടടിപ്പിക്കാറുള്ളത്. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ മന്ത്രിമാരാണെങ്കിൽ പോലും അതാണ് പതിവെന്ന് അരമന രഹസ്യമാണ്.

എന്നാൽ ഇതിൽനിന്ന് വ്യത്യസ്തമായി ഒന്നാം പിണറായി മന്ത്രിസഭയിൽ ധനമന്ത്രി തോമസ് ഐസക് സന്തോഷത്തോടെ കഴിഞ്ഞ അഞ്ച് വർഷവും ഇവിടെ താമസിച്ച് കാലാവധി പൂർത്തിയാക്കിയിരുന്നു. ഔദ്യോഗിക വസതിയായ മൻമോഹൻ ബംഗ്ലാവിൽ താമസിക്കുന്നവർ പിന്നീട് നിയമസഭ കാണില്ലെന്ന് പറയാറുണ്ട്.അങ്ങിനെ നോക്കിയാൽ അത്കൊണ്ടാവുമോ തോമസ് ഐസക് ഇക്കുറി മന്ത്രിയാകാതെപോയത് എന്ന് ചോദിക്കുന്നവരും കുറവല്ല.

രണ്ടാം പിണറായി മന്ത്രിസഭയിലും അങ്ങും ഇങ്ങും തൊടാതെ അന്ധവിശ്വാസത്തെ ചുറ്റിപ്പറ്റി ചില പിൻവാങ്ങലുകൾ ഉണ്ടായി എന്നാണ് കേൾവി. ആദ്യ ദിവസം തന്നെ മന്ത്രിമാർക്കായി കാറുകളും അതിന്റെ നമ്പറുകളും വീടുകളും അനുവദിച്ചപ്പോൾ പതിമൂന്നാം നമ്പർ കാറും മൻമോഹൻ ബംഗ്ലാവും പലരും നിരസിച്ചു എന്നാണ് വിവരം.സത്യപ്രതിജ്ഞ കഴിഞ്ഞ ഉടൻ കാർ അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങിയെങ്കിലും 13 ഇല്ലായിരുന്നു എന്നതാണ് അതിനേക്കാൾ വിചിത്രം.

ആഡംബരങ്ങളുടെ അവസാനവാക്കായ മൻമോഹൻ ബംഗ്ലാവ് ഇഷ്ടപ്പെടാത്തവരും കൊതിച്ചുപോകാത്തവരായും ആരും ഇല്ലത്രെ.ശ്രീമൂലം തിരുനാൾ നിർമിച്ച ഈ രാജകീയ സൗധം കവടിയാറിൽ രാജ്ഭവനോളം പ്രൗഢിയിൽ നിലകൊള്ളുന്നു.

തിരുവിതാംകൂർ മന്ത്രിസഭയുടെ കാലത്ത് മന്ത്രി പി എസ് നടരാജൻ പിള്ള മുതൽ എ ജെ ജോൺ ,കെ കരുണാകരൻ,ആർ ബാലകൃഷ്ണപ്പിള്ള തുടങ്ങി ഇവിടെ താമസിച്ച് പണി കിട്ടിയവർ ഏറെയാണ്.തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന എ ജെ ജോണിനും സ്ഥാനം ഒഴിയേണ്ടി വന്നിട്ടുണ്ട്.

ആഭ്യന്തരമന്ത്രിയായി കാലാവധി തികച്ചെങ്കിലും കെ കരുണാകരനും മൻമോഹൻ ബംഗ്ലാവിലെ താമസം അറം പറ്റിയപോലെയായി. മുഖ്യമന്ത്രിയായി ഒരു മാസത്തിനകം കരുണാകരന് പടിയിറങ്ങേണ്ടി വന്നു.പിന്നീട് താമസത്തിനെത്തിയ ആർ ബാലകൃഷ്ണപ്പിള്ള ചില പൂജകൾ ഒക്കെ നടത്തിയാണ് താമസം തുടങ്ങിയതെങ്കിലും പഞ്ചാബ് മോഡൽ പ്രസംഗത്തിന്റെ പേരിൽ രാജി വെച്ച് പുറത്തുപോകേണ്ടി വന്നു.

2006 ൽ വി എസ് മന്ത്രിസഭാ കാലത്ത് മൻമോഹൻ ബംഗ്ലാവ് വീണ്ടും ചർച്ചാ വിഷയമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി ജെ ജോസഫിന് ബംഗ്ലാവ് ഇഷ്ടമാവുകയും താമസിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്‌തെങ്കിലും ഇടയിൽ കോടിയേരി ഇവിടേക്ക് വരുമെന്ന് അറിയിച്ചതോടെ പി ജെ പിന്മാറി.എന്നാൽ കോടിയേരി താമസിക്കുമ്പോൾ 17.40 ലക്ഷം മുടക്കി വാസ്തു ശാസ്ത്ര പ്രകാരം വീടിന് ചില മാറ്റങ്ങൾ വരുത്തി എന്ന ആരോപണം ഉയർന്നതോടെ വിവാദങ്ങൾ ഉണ്ടാവുകയും 2006 ഒക്ടോബറിൽ മന്ത്രി കോടിയേരി എ കെ ജി സെന്ററിന് സമീപത്തെ ഫ്ലാറ്റിലേക്ക് താമസം മാറുകയും ചെയ്തു.

തുടർന്ന് മൻമോഹൻ ബംഗ്ലാവിലേക്ക് കാലെടുത്തുവെച്ചത് മന്ത്രി ടി യു കുരുവിളയായിരുന്നു.ഭൂമിയിടപാടിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ 2007ൽ കുരുവിള രാജി വെച്ചതോടെ മൻമോഹൻ വീണ്ടും അജ്ഞാതമായ അന്ധ വിശ്വാസങ്ങളെ ഊട്ടിയുറപ്പിച്ച് ആളില്ലാ വീടായി മാറി.ഇടയ്ക്കുള്ള കാലഘട്ടത്തിൽ മന്ത്രി മോൻസ് ജോസെഫ് മന്മോഹൻ ബംഗ്ലാവിൽ താമസിച്ചെങ്കിലും കുറ്റവിമുക്തനായി തിരിച്ചെത്തിയ പി ജെ ജോസെഫ് മൻമോഹൻ ബംഗ്ലാവിലെ താമസക്കാരനായി.പലരുടേയും ഉപദേശം സ്വീകരിക്കാതെയാണ് പി ജെ ജോസെഫ് അവിടെ താമസം തുടങ്ങിയത്.2010ൽ എൽ ഡി എഫിൽ നിന്ന് യു ഡി എഫിലേക്ക് കൂടുമാറിയ പി ജെ യ്ക്ക് മന്ത്രിപദം രാജി വെക്കേണ്ടി വന്നതും ബംഗ്ളാവ് ഒഴിയേണ്ടി വന്നതും സ്വാഭാവികം.പകരം മന്ത്രിയായെത്തിയ വി സുരേന്ദ്രൻ പിള്ളയ്ക്ക് മന്മോഹൻ ബംഗ്ലാവ് അനുവദിച്ചെങ്കിലും അവിടെ താമസിക്കാൻ തയ്യാറായില്ല.

തുടർന്ന് 2011ൽ യു ഡി എഫ് അധികാരത്തിൽ എത്തിയപ്പോൾ ഷിബു ബേബി ജോണും ആര്യാടനും താല്പര്യം പ്രകടിപ്പിച്ചെങ്കിലും ആര്യാടന് അനുവദിച്ച് കിട്ടി.സോളാർ കേസിൽ ആരോപണങ്ങൾ നേരിട്ടെങ്കിലും കസേര ഇളകിയില്ല.

ചരിത്രം തിരുത്തി മൻമോഹൻ ബംഗ്ലാവിൽ ഔദ്യോഗിക കാലയളവ് പൂർത്തിയാക്കിയവരിൽ മൂന്ന് പേരുണ്ട്.എം വി രാഘവൻ,ആര്യാടൻ മുഹമ്മദ്,തോമസ് ഐസക്.
കഴിഞ്ഞ മന്ത്രിസഭയിലും 13 കണ്ട് പിന്നോട്ടടിച്ച മന്ത്രിമാർ ഉണ്ടായിരുന്നെങ്കിലും മന്ത്രി തോമസ് ഐസക്കും വി എസ് സുനിൽകുമാറും 13 ആവശ്യപ്പെട്ട് കത്തെഴുതിയെങ്കിലും ഐസക്കിന് കിട്ടി.

ഭരണ രംഗത്തും സിനിമയിലും ജുഡിഷ്യറിയിലും ഒക്കെ 13നെക്കുറിച്ചുള്ള അന്ധ വിശ്വാസം ഉണ്ട്.തിരുവനന്തപുരത്തെ എം എൽ എ ഹോസ്റ്റലിലും 13 ആം നമ്പർ മുറിയില്ല. ഇന്നലെ മന്ത്രിമാർക്ക് കാർ അനുവദിച്ചപ്പോഴും 13 അനുവദിച്ചില്ല.അപ്പോഴാണ് മന്ത്രി പി പ്രസാദ് 13ആം നമ്പർ കാർ ഏറ്റെടുത്തതും മൻ മോഹൻ ബംഗ്ലാവ് മന്ത്രി ആന്റണി രാജു ഏറ്റെടുക്കുന്നതും.