breaking news

സംഗീത സംവിധായകൻ മുരളി സിതാര അന്തരിച്ചു

തിരുവനന്തപുരം: സംഗീത സംവിധായകൻ മുരളി സിതാര അന്തരിച്ചു.65 വയസായിരുന്നു.

മലയാള ചലച്ചിത്ര ഗാനങ്ങൾക്കും ആകാശവാണിയിലൂടെ നിരവധി ലളിത ഗാനങ്ങൾക്കും ഗൃഹാതുരത്വം നിറഞ്ഞ ഈണങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനായിരുന്നു.

ആദ്യ സിനിമാഗാനമായ 1980ൽ പുറത്തിറങ്ങിയ തീക്കാറ്റ് എന്ന സിനിമയിലെ ‘ഒരുകോടിസ്വപ്നങ്ങളാൽ’ എന്ന ഗാനം ശ്രദ്ധേയമായി. യേശുദാസ്- മുരളി സിതാര കൂട്ടുകെട്ടിൽ പിന്നെയും ഗാനങ്ങൾ പിറന്നു.

ഓലപ്പീലിയിൽ ഊഞ്ഞാലാടും, ഇല്ലിക്കാട്ടിലെ ചില്ലിമുളംകൂട്ടിൽ, ശാരദേന്ദു പൂചൊരിഞ്ഞ, സൗരയൂഥത്തിലെ സൗവർണ്ണഭൂമിയിൽ, അമ്പിളിപ്പൂവേ നീയുറങ്ങു തുടങ്ങിയവ മുരളി സിതാരയെന്ന സംഗീത സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ സൂപ്പർഹിറ്റ് ഗാനങ്ങളായിരു ന്നു.

1991ൽ ആകാശവാണി തിരുവനന്തപുരം നിലയത്തിൽ സംഗീത വിഭാഗത്തിൽ കമ്പോസറായി എത്തിയതോടെ സിനിമയുമായി അകന്നു നിന്നു .ആകാശവാണിയിൽ സീനിയർ മ്യൂസിക് കമ്പോസർ ആയിരുന്നു. ആകാശവാണിയുടെ എക്കാലത്തെയും ശ്രദ്ധേയമായ ലളിതഗാനം, ഉദയഗീതം പരിപാടികളുടെ പിന്നിൽ പ്രവർത്തിച്ചു.

ഒ.എന്‍.വിയുടെ എഴുതിരികത്തും നാളങ്ങളിൽ , കെ.ജയകുമാറിന്റെ കളഭമഴയിൽ ഉയിരുമുടലും,ശരത് വയലാറിന്റെ അംഗനേ ഉദയാംഗനേ തുടങ്ങിയ ശ്രദ്ധേയമായ ലളിതഗാനങ്ങൾക്ക് ഈണമിട്ടതും മുരളി സിതാര ആയിരുന്നു.

ഭാര്യ: ശോഭന കുമാരി,മക്കൾ: മിഥുൻമുരളി (കീബോർഡ്പ്രോഗ്രാമർ), വിപിൻ മുരളി. മരുമകൾ: നീതു