breaking news

അണികളെ ആവേശത്തിലാക്കിയും ഇരു മുന്നണികളെയും ആക്രമിച്ചും ലക്‌ഷ്യം കണ്ട് പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലികൾ

പ്രത്യേക ലേഖകൻ

തിരുവനന്തപുരം: വെളിയാഴ്ചത്തെ പ്രധാനമന്ത്രി പങ്കെടുത്ത എൻ ഡി എ തിരഞ്ഞെടുപ്പ് റാലികൾ അക്ഷരാർത്ഥത്തിൽ ആവേശക്കടലായി മാറി.

കോന്നിയിലും കഴക്കൂട്ടത്തും സംസ്ഥാനത്തെ ബാധിക്കുന്ന, ഒരു വിഷയം പോലും വിട്ടുപോകാതെ ഇരു മുന്നണികളെയും കടന്നാക്രമിച്ച് പ്രധനമന്ത്രി കത്തിക്കയറിയപ്പോൾ ഇരു റാലികളിലും ജനം ആർത്തിരമ്പി.

കോന്നിയിലെ പ്രസംഗത്തിന്റെ തുടക്കത്തിൽ ” സ്വാമിയേ ശരണമയ്യപ്പാ” എന്ന ശരണം വിളി സദസ്സിൽ പ്രകമ്പനങ്ങളായി പ്രതിധ്വനിച്ചു.ഭഗവാൻ അയ്യപ്പൻറെ മണ്ണാണ് ഇതെന്ന് തു ടങ്ങിയ പ്രധാനമന്ത്രിയുടെ കുറിക്ക് കൊള്ളുന്ന വാക്കുകൾ കൂടിയായപ്പോൾ ജനക്കൂട്ടം ആർത്തലച്ചു.

നാൽപത്തിയൊന്ന് ദിവസം വ്രതമെടുത്ത് ഭഗവാൻ അയ്യപ്പനെ കാണാനെത്തുന്ന അയ്യപ്പന്മാരെയാണ് ലാത്തികൊണ്ട് നേരിട്ടതെന്ന പദ പ്രയോഗങ്ങളും നരേന്ദ്ര മോദി നടത്തി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശബരിമലയെ മുഖ്യ പ്രചാരണ വിഷയമാക്കാൻ ഒരുങ്ങിപ്പുറപ്പെട്ട എൻ ഡി എയ്ക്ക് പുതിയ ശക്തിയായി പ്രധാനമന്ത്രിയുടെ വാക്കുകൾ.

കോന്നിയിലും കഴക്കൂട്ടത്തും ശബരിമല പരാമർശം ഉണ്ടായെങ്കിലും കൂടുതലായും കോന്നിയിലാണ് ഉണ്ടായത്.കഴക്കൂട്ടത്ത് ഇരു മുന്നണികളുടെയും അഴിമതിയിലും സ്വജന പക്ഷപാതത്തിലും വർഗീയതയിലും ഇരട്ടകളെപ്പോലുള്ള സ്വഭാവം വിളിച്ചു പറഞ്ഞ പ്രധാനമന്ത്രി എൽ ഡി എഫിനെയും യു ഡി എഫിനെയും കടന്നാക്രമിച്ചു.ഓരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും ഇരു മുന്നണികളും തമ്മിലുള്ള ബന്ധം ദൃഢമായിക്കൊണ്ടിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു.ഇവർ തമ്മിൽ ” കോമ്രേഡ് കോൺഗ്രസ് പാർട്ടി”യായി ലയിക്കേണ്ടവരാണെന്നും മോദി പരിഹസിച്ചു.

കേരളത്തിലെ ഇരു മുന്നണികളും മത്സരിച്ച് അഴിമതി നടത്തുമ്പോൾ ഭരണത്തെ ബാക്ക് ബെഞ്ചിലാക്കി.സോളാർ,സ്വർണ്ണക്കടത്ത്,ബാർ കോഴ എന്നിവ ഉന്നയിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.ഇരു മുന്നണികളും എല്ലാ മേഖലയെയും കൊള്ളയടിച്ചു.

കുടുംബാധിപത്യത്തെ ഇരു മുന്നണികളും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇരു മുന്നണികൾക്കും പരസ്പരം ശത്രുതയും അസൂയയുമാണ്.ഇരു കൂട്ടരും ദുരഭിമാനത്തിന്റെയും ദാർഷ്ട്യത്തിന്റെയും പ്രതീകമാണ്.

കമ്മ്യൂണിസം കാട്ടുതീപോലെ ഒരു വിഭാഗത്തിന്റെ വിശ്വാസങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു.വ്രതമെടുത്ത് അയ്യപ്പന്മാർ എത്തുന്ന പുണ്യഭൂമിയാണ് ഇത്.ആ അയ്യപ്പന്മാരെ ഇടത് സർക്കാർ എതിരേറ്റത് ലാത്തിയടികൊണ്ടാണെന്ന് തുടങ്ങിയ പ്രയോഗങ്ങളിലൂടെ എല്ലാ മേഖലയെയും സ്പർശിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗിച്ചത്.എൻ ഡി എയും ഇ ശ്രീധരനെപ്പോലുള്ളവരും ഈ നാടിന്റെ വികസന ഗതിയെ മാറ്റി മറിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയെ പത്തനംതിട്ടയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള എൻ ഡി എ യുടെ വലിയ പത്ര പരസ്യവും ശ്രദ്ധേയമായി. ‘ ശബരീശന്റെ മണ്ണിലേക്ക് പ്രധാനമന്ത്രിക്ക് സ്വാഗതം’ എന്ന പരസ്യ വാചകത്തോടെ ശബരിമല ക്ഷേത്രത്തിന്റെ ചിത്രത്തോടെയാണ് പരസ്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കെ സുരേന്ദ്രന്റെയും ഇ ശ്രീധരനെയും ചിത്രങ്ങളും പരസ്യത്തിലുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളിൽ ശബരിമലയും പ്രധാന വിഷയമാകുമെന്ന സൂചന നൽകുന്നതായിരുന്നു ഇത്.ഉച്ചയ്ക്ക് ഒന്നരക്ക് കോന്നിയിലെത്തിയ പ്രധാനമന്ത്രി .പത്തനംതിട്ട സ്റ്റേഡിയത്തിൽ ഹെലികോപ്പ്റ്റർ ഇറങ്ങി .റോഡ് മാർഗം പത്ത് കിലോമീറ്റർ സഞ്ചരിച്ചാണ് വേദിയിലെത്തിയത്.

എന്തായാലും ബിജെപി സംസ്ഥാന നേതൃത്വം ആഗ്രഹിച്ചതുപോലെ പ്രധാനമന്ത്രി തൊടുത്തുവിട്ട ശരങ്ങൾ ലക്ഷ്യത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് എൻ ഡി എ മുന്നണിയും അണികളും.