breaking news

ഓൺലൈൻ പഠന ഇടവേളകൾ.. മിഥുൻ നിർമ്മിച്ചത് കലാ- സാങ്കേതിക മികവിന്റെ ചെറു രൂപങ്ങൾ

S P E C I A L E D I T I O N |

മട്ടന്നൂർ: മഹാമാരിക്കാലം അടച്ചിടലിന്റേതും കരുതലിന്റേതും മാത്രമല്ലെന്ന് ആദ്യ ലോക്ക് ഡൗൺ കാലം നമ്മെ പഠിപ്പിച്ചതാണ്. പാചകം മുതൽ യുട്യൂബ് ചാനലുകൾ വരെ ക്രിയാത്മകതയുടെ പരീക്ഷണങ്ങളെ ഉദ്ദീപിപ്പിച്ചുകൊണ്ട് സൃഷ്ടികളായി പുനർജനിച്ചു.

മട്ടന്നൂർ ഹയർ സെക്കന്ററി സ്കൂൾ പൂർവ വിദ്യാർത്ഥി മിഥുൻ അടച്ചിടൽ കാലത്തെ ഇടവേളകൾ മിനിയേച്ചർ സൃഷ്ടികൾക്കായി വിനിയോഗിക്കുകയായിരുന്നു. ക്രിയാത്മക മാത്രമല്ല സാങ്കേതിക മികവുകൂടി കോർത്തിണക്കിയ പ്രവർത്തന മോഡലുകളാണ് മിഥുൻ നിർമ്മിച്ചത് എന്നത് ശ്രദ്ധേയമാണ്.

പാഴ് വസ്തുക്കൾ കൊണ്ടാണ് ഓരോ നിർമ്മാണവും നടത്തിയിരിക്കുന്നത്.ബാറ്ററി,പെയിന്റ്,പശ,ബൾബ് തുടങ്ങിയവ മാത്രമാണ് വില കൊടുത്തു വാങ്ങിയത്.

കലാ പരമായ ഒരു വീക്ഷണ കോണിലൂടെ നോക്കിയാൽ മേശപ്പുറത്ത് നിർമ്മിച്ച വാഹനങ്ങളുടെ രൂപങ്ങൾ കണ്ടാൽ ഒരു നഗരത്തിലെ വാഹന തിരക്കിൻറെ പ്രതീതിയാണ്.

ടൂറിസ്റ്റ് ബസ് ഡി ജെ ലൈറ്റുകൾ തെളിയിച്ച് നിർത്തിയിട്ടിരിക്കുന്നു. തൊട്ടടുത്ത് തന്നെ സ്‌ഫടികം എന്ന് പേരെഴുതിയ കോട്ടയം മോഡൽ ബോഡിയുള്ള ലോറി,ടാറ്റായുടെ പിക്ക് അപ്പ് ലോറി,മഹീന്ദ്രയുടെ പുതു തലമുറ ഥാർ ജീപ്പ്, ഓട്ടോറിക്ഷ,മാരുതി 800 ന്റെ പഴയ മോഡൽ,നിർമ്മാണ മേഖലയിൽ ഉപയോഗിക്കുന്ന പിക്ക് അപ്പ് ലോറിയുടെ വർക്കിങ് മോഡൽ എന്നിവയും മിഥുൻ നിർമ്മിച്ചിട്ടുണ്ട്.

മട്ടന്നൂർ ഉരുവച്ചാലിനടുത്ത മുണ്ടോറപ്പൊയിലിലെ താഴെപ്പുര വീട്ടിൽ രമേശൻ – ഗീത ദമ്പതികളുടെ മൂത്ത മകൻ മിഥുൻ വലിയ വാഹന കമ്പക്കാരനാണ്.ആ ഇഷ്ടം നിരീക്ഷണമായി മാറിയപ്പോഴാണ് വാഹന രൂപങ്ങളുടെ മിനിയേച്ചർ സൃഷ്ടികൾ നിർമ്മിക്കാൻ മിഥുനെ പ്രേരിപ്പിച്ചത്.

മിനിയേച്ചർ സൃഷ്ടികളുടെ ഏറ്റവും വലിയ പ്രത്യേകതയായ പൂർണ്ണതയാണ് മിഥുൻ ചെയ്ത വാഹന മോഡലുകളിലും ഉള്ളതെന്നത് പറയാതെ വയ്യ.ഓരോ ചെറിയ ഭാഗം പോലും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടുള്ള നിർമാണമാണ് നടത്തിയിരിക്കുന്നത്.

നാട്ടിലെ വായന ശാലയുടെ വാട്സ്ആപ് ഗ്രൂപ്പിൽ വന്ന പോസ്റ്റിൽ മികവാർന്ന നിർമ്മാണത്തിന്റെ ഭംഗി കണ്ടാണ് മട്ടന്നൂർ ഹയർ സെക്കന്ററി സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ മിഥുന്റെ വീട്ടിൽ അധ്യാപകനായ പി മധുസൂദനൻ സന്ദർശിച്ച് പ്രോത്സാഹനം നൽകിയത്.

കലയും സാങ്കേതികതയും ഒത്തിണങ്ങിയ നിർമ്മിതികൾക്ക് വലിയ സാധ്യതയുണ്ടെന്നും അതിനെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം രക്ഷിതാക്കളെ ബോധ്യപ്പെടുത്തി.മകന് സാങ്കേതികമായ പഠനത്തിന് താൽപര്യമുണ്ടെന്നും ആ മേഖലയിൽ തന്നെ അവനെ എത്തിക്കാനാണ് ആഗ്രഹമെന്നും അച്ഛൻ രമേശൻ പറഞ്ഞു.