breaking news

പഠനറിപ്പോര്‍ട്ട് അംഗീകരിച്ചു; ആറളം ഫാം വൈവിധ്യ വല്‍ക്കരണത്തിലേക്ക് – ആദ്യഘട്ടത്തിന് 3 കോടി അനുവദിച്ചു

ഇരിട്ടി : നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ആറളം ഫാമിനെ വൈവിധ്യ വല്‍ക്കരണത്തിലൂടെ സ്വന്തം കാലില്‍ നിര്‍ത്താനുള്ള പദ്ധതികള്‍ക്ക് തുടക്കമാവുന്നു. ഇതിനായി കാര്‍ഷിക സര്‍വകലാശാലാ ഗവേഷണ വിഭാഗം ഫാം സന്ദര്‍ശിച്ച് പഠനം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതായും, 14. 56 കോടി രൂപയുടെ പദ്ധതി നടത്തിപ്പിന് ആദ്യ ഘട്ടമായി മൂന്ന് കോടി രൂപ അനുവദിച്ചതായും ഫാം എം ഡി ബിമല്‍ ഘോഷ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതോടൊപ്പം ജൂലൈ മുതല്‍ ജീവനക്കാരുടെയും തൊഴിലാളികളുടെയും ശമ്പള ആനുകൂല്യ കുടിശ്ശിക വിതരണത്തിന് നാല് കോടി രൂപയും അനുവദിച്ചതായും ബിമല്‍ ഘോഷ് പറഞ്ഞു.

ജീവനക്കാര്‍ക്ക് കൃത്യമായ രീതിയില്‍ വേതനം പോലും കൊടുക്കാന്‍ കഴിയാത്തവിധം സാമ്പത്തിക പ്രതിസന്ധിയിലാണ് കുറച്ചുകാലമായി ആറളം ഫാം. ആയിരക്കണക്കിന് ഏക്കര്‍ ഫലഭൂയിഷ്ടമായ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിട്ടും ഒന്നും ചെയ്യാനാവാത്ത അവസ്ഥയില്‍ ആണ് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗം വൈവിധ്യ വല്‍ക്കരണത്തിനു തീരുമാനമെടുത്തത്. തുടര്‍ന്ന് പുതിയ കാലത്തെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാകത്തില്‍ ഫാം വൈവിധ്യവല്‍കരിക്കാന്‍ ഗവേഷകരും ശാസ്ത്രജ്ഞരും ചേര്‍ന്ന് ബഹുമുഖ പദ്ധതിക്ക് രൂപം നല്‍കുകയായിരുന്നു. ഇപ്പോള്‍ അനുവദിച്ച മൂന്ന് കോടിയുടെ പദ്ധതി നടത്തിപ്പിന് ഒരാഴ്ചക്കകം വിദഗ്ധ സമിതി യോഗം ചേര്‍ന്ന് മുന്‍ഗണനാ ക്രമം നിര്‍ണയിച്ച് പദ്ധതി നടത്തിപ്പാരംഭിക്കുമെന്ന് ഫാം എം ഡി ബിമല്‍ഘോഷ് പറഞ്ഞു.

ഫാമില്‍ മൂന്ന് ഘട്ടമായി നടപ്പാക്കുന്ന വികസന പദ്ധതികളുടെ വിശദമായ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ഹ്രസ്വ, മധ്യ, ദീര്‍ഘകാല പദ്ധതികളാണ് വിദഗ്ധ സംഘം ഫാമില്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ചത് . ഫാമിലെ 3500 ഏക്കറില്‍ കൃഷി, മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണം, വിപണനം, ഫാം ടൂറിസം, വന്‍കിട വിത്ത് തൈ വില്‍പ്പന നഴ്സറി, നഴ്സറിക്കാവശ്യമായ മാതൃവൃക്ഷത്തോട്ടം തയ്യാറാക്കല്‍ എന്നീ പദ്ധതികള്‍ മൂന്ന് കോടി മുടക്കി ആദ്യ ഘട്ടത്തില്‍ നടപ്പാക്കും. കൃഷിചെയ്യാതെയിട്ട് കാട് കയറിയ ഫാമിന്റെ മുഴുവന്‍ സ്ഥലത്തും റംബൂട്ടാന്‍ പോലുള്ള പുതു തലമുറ കൃഷിയിനങ്ങള്‍ക്കായി ഉപയോഗിക്കും. സുഭിക്ഷകേരളം പദ്ധതിയില്‍ പെടുത്തി ഇത്തരം പദ്ധതികള്‍ക്ക് തുടക്കമിട്ടതായി എം ഡി അറിയിച്ചു.

ഇരിട്ടിയില്‍ ഫാം ഉല്‍പ്പന്നങ്ങളും പച്ചക്കറികളും വില്‍ക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച കെട്ടിടത്തില്‍ ഒരുക്കുന്ന മിനി സൂപ്പര്‍ മാര്‍ക്കറ്റ് 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും. പട്ടിക വര്‍ഗക്ഷേമമന്ത്രി എ .കെ. ബാലന്‍ അദ്ധ്യക്ഷത വഹിക്കും. ഫാം ആദിവാസി പുനരധിവാസിമേഖലയിലെ കുടുംബങ്ങളുടെ ജൈവ കൃഷിയുല്‍പ്പന്നങ്ങള്‍ ശേഖരിച്ച് സൂപ്പര്‍ മാര്‍ക്കറ്റില്‍ വില്‍പ്പനക്കെത്തിക്കും. കാപ്പകസ്, കയര്‍ ഫെഡ് ഉല്‍പ്പന്നങ്ങളുമുണ്ടാവും.

ഫാമില്‍ ആധുനിക കൃഷി യന്ത്രവല്‍കരണ പദ്ധതി, ലഭ്യമായ ജലസമ്പത്ത് ഉപയോഗിച്ച് വ്യാവസായിക അടിസ്ഥാനത്തില്‍ മല്‍സ്യകൃഷി, വിദേശികള്‍ക്ക് അടക്കം ഫാമില്‍ താമസിച്ച് ഹ്രസ്വ, മധ്യകാല കൃഷികള്‍ സ്വയം ചെയ്ത് വിളവെടുക്കാനുള്ള വിനോദ സഞ്ചാരാധിഷ്ടിത കാര്‍ഷിക പ്രവര്‍ത്തനം എന്നിവയും, വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കും . ബോട്ട് സര്‍വീസാരംഭിക്കാനുള്ള പദ്ധതിയുമുണ്ട്. ഫാം ടൂറിസം പദ്ധതിക്കായി രണ്ടരക്കോടി രൂപയുടെ പ്രത്യേക നിര്‍ദേശവുമുണ്ട്. കൂറ്റന്‍ മഴവെള്ള സംഭരണിയും നിര്‍മിക്കും. സംസ്ഥാനത്തെയും ദക്ഷിണേന്ത്യ യിലെ കേന്ദ്രങ്ങളിലെയും മേത്തരം വിത്ത് തേങ്ങ എത്തിച്ച് ലക്ഷക്കണക്കിന് തെങ്ങിന്‍ തൈകളും വിത്ത് തേങ്ങയും വില്‍ക്കുന്ന കേന്ദ്രമായി ആറളം ഫാമിനെ മാറ്റും. വിത്ത് തൈ നഴ്സറി ഇതിനകം ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തി. വന്‍ സാമ്പത്തിക ബാധ്യതയില്ലാത്ത ജലസേചന പദ്ധതികളും ഫാമില്‍ നടപ്പാക്കും.