breaking news

യുഎഇയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സജീവമാകുന്നു …

ഷാര്‍ജ: യുഎഇയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തണുപ്പുകാലമെത്തിയതോടെ വീണ്ടും സജീവമാവുന്നു. കോവിഡ്19 നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടു ക്യാംപുകളും റോഡ് ട്രിപ്പുകളുമെല്ലാം മുന്‍കാലങ്ങളിലെന്ന പോലെ സജീവമായിരിക്കുന്നു. അനുകൂലമായ കാലാവസ്ഥയെത്തിയതോടെ സംഘം ചേര്‍ന്നുള്ള സാഹസിക യാത്രകളും ട്രെക്കിങ്ങും വീക്കെന്‍ഡുകളുടെ ഭാഗമായിത്തുടങ്ങിയിട്ടുണ്ട്.

ഇത്തരത്തില്‍ സാഹസികത ഇഷ്ടപ്പെടുന്ന, മലനിരകള്‍ കീഴടക്കാനും കുന്നിന്‍മുകളിലെ കാഴ്ചകള്‍ കാണാനുമിറങ്ങുന്ന സഞ്ചാരികള്‍ക്ക് പുതിയൊരു യാത്രാനുഭവം ഒരുക്കുകയാണ് ഷാര്‍ജയിലെ മെലീഹ ആര്‍ക്കിയോളജിക്കല്‍ സെന്റര്‍. ജബല്‍ ബുഹൈസ് മലനിരകളിലൂടെ ചരിത്രകാഴ്ചകളും തേടിയുള്ള ട്രക്കിങ്ങാണ് പുതിയ വിശേഷം. ശാരീരികക്ഷമത വര്‍ധിപ്പിക്കുന്നതോടൊപ്പം മേഖലയിലെ പുരാവസ്തുശേഷിപ്പുകള്‍ അടുത്തുകാണാനുള്ള അപൂര്‍വ അവസരമാണ് ജബല്‍ ബുഹൈസ് ട്രക്കിങ്

മെലീഹ പ്രദേശത്തു നിന്ന് കണ്ടെടുത്ത നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശവകൂടീരങ്ങള്‍ സന്ദര്‍ശിച്ചാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ട്രെക്കിങ്ങ് ആരംഭിക്കുന്നത്. തുടര്‍ന്ന് മലനിരകള്‍ക്കിടയിലൂടെ കാഴ്ചകളുമാസ്വദിച്ചുള്ള നടത്തമാരംഭിക്കും. രണ്ടായിരം വര്‍ഷം പഴക്കമുള്ള, ഇരുമ്പുയുഗത്തില്‍ നിര്‍മിച്ച കോട്ടയിലാണ് ഈ സഞ്ചാരമവസാനിക്കുക.

യാത്രയിലുടനീളം കാഴ്ചകളും ചരിത്രവും വിവരിക്കാനും സഹായിക്കാനുമായി ഗൈഡിന്റെ സേവനമുണ്ടാവും. പുരാവസ്തു മ്യൂസിയം സന്ദര്‍ശിക്കുകയും ചെയ്യാം. 200 ദിര്‍ഹമാണ് മുതിര്‍ന്നവര്‍ക്കുള്ള നിരക്ക്. കുട്ടികള്‍ക്ക് 100 ദിര്‍ഹം. പത്തു വയസിനു മുകളിലുള്ളവര്‍ക്ക് ട്രക്കിങ്ങിന്റെ ഭാഗമാവാം. രണ്ടു പേര്‍ മുതല്‍ ആറു പേര്‍ വരെയുള്ള സംഘങ്ങളായി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.