breaking news

മുസ്ലിം ലീഗ് വന്നാലും പാർട്ടി ഉൾക്കൊള്ളും: ശോഭ സുരേന്ദ്രൻ

ക്രൈസ്തവ – മുസ്ലിം സമുദായങ്ങളോട് ബിജെപിക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളെ എൻ ഡി എ യിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗവും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ശോഭ സുരേന്ദ്രൻ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മുസ്ലിം ലീഗ് ഒരു വർഗീയ പാർട്ടിയാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.എന്നാൽ മുസ്ലിം ലീഗ് ദേശീയ ധാര അംഗീകരിച്ച് എൻ ഡി എ യോടൊപ്പം ചേരാൻ തയ്യാറായാൽ സ്വീകരിക്കും.കാശ്മീരിൽ ബിജെപി അവിടത്തെ പിഡിപി യുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്.

ലീഗ് പുനർവിചിന്തനത്തിന് തയ്യാറായാൽ അത് മുസ്‌ലിം സമൂഹത്തിനും ലീഗ് നേതൃത്വത്തിനും ഗുണം ചെയ്യും.എല്ലാവരെയും ദേശീയ ധാരയിലേക്ക് കൊണ്ടുവരുന്നതിനാണ് ബിജെപി ശ്രമം.
സംസ്ഥാന സർക്കാരിനെതിരെയുള്ള ജനരോഷം പ്രതിഫലിപ്പിക്കാൻ പ്രതിപക്ഷത്തുള്ള കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.ബിജെപി പ്രശ്നങ്ങളെ ഉയർത്തിക്കൊണ്ടുവരുന്നുണ്ടെങ്കിലും വേണ്ടത്ര മാധ്യമ ശ്രദ്ധ കിട്ടുന്നില്ല.
താൻ ഒരു സ്ഥാനമോഹിയാണെന്ന തരത്തിൽ പ്രചാരണം ഉണ്ടായത് വേദനിപ്പിച്ചിട്ടുണ്ട്.അതിന് വിരാമമിടാൻ കൂടിയാണ് ഇത്തവണ മത്സരിക്കില്ലെന്ന് പറഞ്ഞത്.ബിജെപി യിൽ നിന്ന് പുറത്തുപോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ശക്തമായ ഗൂഢാലോചനയുടെ ഭാഗമാണ്.ഏതെങ്കിലും മാർക്സിസ്റ്റ് നേതാവുമായി നേരിട്ടോ ഫോണിലോ സംസാരിച്ചിട്ടില്ല.ഗൂഢാലോചന സംബന്ധിച്ച വ്യക്തമായ തെളിവ് കിട്ടാത്തതിനാലാണ് കൂടുതൽ പ്രതികരിക്കാത്തതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

ശബരിമല കേസുകൾ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം സംഘപരിവാറിന്റെ രാഷ്ട്രീയ വിജയമാണ്.എടുത്ത കേസുകളെല്ലാം കള്ളകേസുകളായിരുന്നു എന്ന് ഇതോടെ തെളിഞ്ഞുവെന്നും അവർ കൂട്ടിച്ചേർത്തു.

photo | manoramaonline.com