breaking news

യുവതിയെ പൂട്ടിയിട്ട സംഭവം വിവാദത്തിലേക്ക്: യുവജന കമ്മീഷനും വനിതാ കമ്മീഷനും ഇടപെടൽ ശക്തമാക്കുന്നു

| അനശ്വര പ്രണയ കാവ്യമല്ല പാടിപ്പുകഴ്ത്തേണ്ട കഥയുമല്ല . . .

നെന്മാറ( പാലക്കാട് ) : പാലക്കാട് നെന്മാറയിൽ യുവതിയെ പത്ത് വർഷം പൂട്ടിയിട്ട സംഭവം അനശ്വര പ്രണയകാവ്യമായി പാടി പുകഴ്ത്തേണ്ട സംഭവം അല്ലെന്നും തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്നും വ്യക്തമാക്കി സംസ്ഥാന യുവജന കമ്മീഷനും വനിതാ കമീഷനും ഇടപെടൽ ശക്തമാക്കുന്നു

സംസ്ഥാന യുവജന കംമീഷൻ അംഗം ടി മഹേഷ് ദമ്പതിമാരുടെയും മാതാപിതാക്കളുടെയും മൊഴി ഉടൻ എടുക്കും.മൊഴി രേഖപ്പെടുത്തിയ ശേഷം നെന്മാറ പോലീസിനോട് സംഭവത്തിന്റെ വിശദമായ റിപ്പോർട്ട് ആവശ്യപ്പെടും. വിഷയത്തിൽ നിലപാട് കടുപ്പിച്ച് സംസ്ഥാന വനിത കമ്മീഷനും ഇടപെടുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് വനിത കമ്മീഷൻ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.കമ്മീഷൻ അംഗം ഷിജി ശിവജി ഉടൻ സ്ഥലം സ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തും.

അയൽവാസിയായ സജിത എന്ന യുവതിയോടൊപ്പം റഹ്മാൻ എന്ന യുവാവ് പത്ത് വർഷം ഒരാളുടെയും ശ്രദ്ധയിൽ പെടാതെ കഴിഞ്ഞു എന്ന് പറയുന്നത് അവിശ്വസനീയമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഒരു സ്ത്രീയെന്ന നിലയിൽ സജിത അനുഭവിക്കേണ്ടിവന്നത് കൊടും പീഡനമാണെന്നും റഹ്മാൻ ചെയ്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും റഹ്മാനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും സംഭവത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണം എന്നുമാവശ്യപ്പെട്ട് നിരവധി കോണുകളിൽനിന്ന് ആവശ്യമുയർന്നിട്ടുണ്ട്.

റഹ്മാന്റെ മാതാപിതാക്കൾതന്നെ ദുരൂഹത ഉണ്ടെന്ന് പറയുന്നുണ്ട്. അടുത്തിടെ വീട് വൃത്തിയാക്കിയപ്പോൾ മുറി തുറന്നിരുന്നു എന്നും അപ്പോൾ ആരെയും കണ്ടില്ലെന്നും റഹ്മാന്റെ അച്ഛൻ പറഞ്ഞിട്ടുണ്ട്.

അത്പോലെ തന്നെ പ്രാഥമിക ആവശ്യങ്ങൾക്കായി പുറത്തിറങ്ങി എന്ന് യുവതി അവകാശപ്പെടുന്ന ചെറിയ ജനലിന്റെ അഴികൾ അടുത്തിടെയാണ് അഴിച്ചു മാറ്റിയത് എന്നും പറയുന്നു.അപ്പോൾ രാത്രി കാലങ്ങളിൽ ഇതുവഴി യുവതി പുറത്തിറങ്ങി എന്ന് പറയുന്നത് കള്ളക്കഥയാണോ എന്നും അന്വേഷിക്കും.

പുറം ലോകവുമായി ബന്ധമില്ലാതെ പത്ത് വർഷം കഴിയേണ്ടി വന്ന യുവതിയുടെ ശാരീരിക മാനസികാവസ്ഥയും പരിശോധിക്കപ്പെടേണ്ട താണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രത്യക്ഷത്തിൽ തന്നെ യുവതിയുടെ ആരോഗ്യം പോഷകാഹാര കുറവുള്ളതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട് എന്നും പറയപ്പെടുന്നു.ഇവർക്ക് കൗൺ സിലിങ് അടക്കമുള്ള സഹായങ്ങൾ വേണ്ടിവരും സാധാരണ നിലയിലേക്ക് എത്തിക്കാൻ എന്നും വിദഗ്ധർ പറയുന്നു.

വാതിലിൽ വൈദ്യുതി കടത്തിവിട്ട് പുറത്തിറങ്ങാൻ അനുവദിക്കാതെ പുരുഷന്റെ ആവശ്യങ്ങൾ മാത്രം നിറവേറ്റാൻ വിധിക്കപ്പെട്ട അടിമയായ സ്ത്രീയുടെ ഗതികേടാണ് സംഭവമെന്ന് കമ്മീഷൻ വിലയിരുത്തിയിട്ടുണ്ട്.

കാമുകി,കാമുകൻ,പ്രണയം എന്നിങ്ങനെയുള്ള നിസാര പദങ്ങളിലൂടെ സംഭവത്തിന്റെ ഗൗരവം കുറച്ചു കാട്ടാനുള്ള ചില മാധ്യമങ്ങളുടെ ശ്രമം പൗര ബോധമുള്ള സമൂഹത്തിന് യോജിച്ചതല്ലെന്ന് കമ്മിഷൻ വിലയിരുത്തി.

photo credit | nie.com